പെരിന്തല്‍മണ്ണ: ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാത്തതിന് ആരോഗ്യവകുപ്പിനെതിരെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ കോടതിയലക്ഷ്യ ഹരജി നല്‍കി. ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിച്ച് മൂന്ന് മാസത്തിനകം ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍െറ ഉത്തരവ് ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹരജി. ആരോഗ്യ വകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടര്‍, ആശുപത്രി സൂപ്രണ്ട് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി ഫയല്‍ ചെയ്തത്. ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാത്ത സംസ്ഥാനത്തെ എക ജില്ലാ ആശുപത്രിയാണ് പെരിന്തല്‍മണ്ണ. പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണക്കുറവാണ് ആരോഗ്യ വകുപ്പ് കാരണമായി പറയുന്നത്. താലൂക്ക് ആശുപത്രിയായിരിക്കെ 2011ലാണ് ആശുപത്രിയിലെ എട്ട് ജീവനക്കാര്‍ ട്രൈബ്യൂണലിനെ സമീപിക്കുന്നത്. 1961ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിച്ച് മൂന്ന് ഷിഫ്റ്റ് സമ്പ്രദായം (എട്ട് മണിക്കൂര്‍ ഡ്യൂട്ടി) നടപ്പാക്കണമെന്നായിരുന്നു ആവശ്യം. 2011 മാര്‍ച്ച് 21ന് ഷിഫ്റ്റ് നടപ്പാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോടതി ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചു. ശേഷം ആരോഗ്യ വകുപ്പ് സെക്രട്ടറി ജീവനക്കാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍, ഡി.എം.ഒ, ആശുപത്രി സൂപ്രണ്ട് എന്നിവരുമായി സിറ്റിങ് നടത്തി. വര്‍ക്കിങ് അറേഞ്ച്മന്‍റിലൂടെയോ മറ്റോ അധികം ജീവനക്കാരെ കണ്ടത്തെി അടിയന്തരമായി പ്രശ്നം പരിഹരിക്കാന്‍ സെക്രട്ടറി ഉത്തരവിട്ടു. പുതിയ തസ്തികകള്‍ക്കായി നിര്‍ദേശം സമര്‍പ്പിക്കാന്‍ ആരോഗ്യ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ഇതുപ്രകാരം നല്‍കിയ പ്രപ്പോസല്‍ രണ്ട് വര്‍ഷമായിട്ടും ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതെ തുടര്‍ന്നാണ് ജീവനക്കാര്‍ വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചത്. 2014 ജനുവരി 23ന് മൂന്ന് മാസത്തിനകം നടപടി വേണമെന്ന് കോടതി വിധി പുറപ്പെടുവിച്ചു. നിശ്ചിത മൂന്ന് മാസം കഴിഞ്ഞ ഉടന്‍ ജവീനക്കാര്‍ കോടതി വിധി ചൂണ്ടിക്കാട്ടി ആരോഗ്യ സെക്രട്ടറിക്ക് നിവേദനം നല്‍കിയിരുന്നു. ആറ് മാസം കഴിഞ്ഞിട്ടും ഒരുനടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.