തിരിച്ചടിയില്‍ മനം തകര്‍ന്ന് ബ്രസീല്‍ ഫാന്‍സ്

കല്‍പറ്റ: സ്വന്തം തട്ടകത്തില്‍ ലോകകിരീടം തേടിയിറങ്ങിയ ബ്രസീല്‍ സെമിഫൈനലില്‍ കനത്ത തോല്‍വിയുമായി പുറത്തായതോടെ ആരാധകര്‍ നിരാശയുടെ നടുക്കയത്തില്‍. മഞ്ഞപ്പടയുടെ മികവില്‍ വിശ്വാസമര്‍പ്പിച്ച വയനാട്ടിലെ ആരാധകരും അപ്രതീക്ഷിത തിരിച്ചടിയില്‍ ഹതാശരായി. ബ്രസീല്‍-അര്‍ജന്‍റീന ആരാധകര്‍ നേരങ്കം കുറിക്കുന്ന ജില്ലയിലെ തെരുവോരങ്ങളില്‍നിന്ന് ഒറ്റരാത്രി കൊണ്ട് മഞ്ഞപ്പടയെ പിന്തുണക്കുന്ന ബോര്‍ഡുകളില്‍ മിക്കതും അപ്രത്യക്ഷമായി. പുലര്‍ച്ചെ 1.30ന് നടന്ന മത്സരം കാണാന്‍ ഫുട്ബാള്‍ പ്രേമികള്‍ ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു. പരിക്കേറ്റ സൂപ്പര്‍ താരം നെയ്മറില്ലാത്തതും തിയാഗോ സില്‍വ സസ്പെന്‍ഷന്‍ കാരണം വിട്ടുനില്‍ക്കുന്നതും ടീമിന്‍െറ വിജയസാധ്യതയെ ബാധിക്കില്ളെന്നുതന്നെയായിരുന്നു ബ്രസീല്‍ ആരാധകരുടെ കണക്കുകൂട്ടല്‍. പുലര്‍ച്ചെ ഉറക്കമെഴുന്നേറ്റ് ടെലിവിഷനുമുന്നില്‍ കുത്തിയിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നില്ല തുടക്കം. നെയ്മറില്ലാതെയും മുന്നേറിക്കളിക്കാന്‍ തുനിഞ്ഞ ബ്രസീലുകാരെ ഞെട്ടിച്ച് ആദ്യഗോള്‍ പിറന്നു. പക്ഷേ, ആ ഗോള്‍ തിരിച്ചടിക്കുമെന്നും ജയത്തിലത്തെുമെന്നും ബ്രസീലുകാര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍, അരമണിക്കൂര്‍ തികയും മുമ്പ് തുരുതുരാ നാലു ഗോളുകള്‍ കൂടി ബ്രസീല്‍ വഴങ്ങിയതോടെ ആരാധകരുടെ മുഖം മ്ളാനമായി. മുണ്ടേരി, അരപ്പറ്റ, പനമരം, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, മുട്ടില്‍, പൊഴുതന തുടങ്ങിയ ഫുട്ബാള്‍ പോക്കറ്റുകളില്‍ മാത്രമല്ല, ജില്ലയിലുടനീളം ബ്രസീല്‍-അര്‍ജന്‍റീന ആരാധകര്‍ തമ്മില്‍ വീറും വാശിയുമേറെയായിരുന്നു. കല്‍പറ്റയിലടക്കം ബിഗ്സ്ക്രീനില്‍ കളി കണ്ടിരുന്ന ഫാന്‍സ് മത്സരം തീരുംമുമ്പേ സ്ഥലംവിട്ടു. ബ്രസീല്‍ 1-7ന് തോറ്റതോടെ എതിരാളികള്‍ പടക്കംപൊട്ടിച്ചും കൂക്കിവിളിച്ചും ആഘോഷത്തിമിര്‍പ്പിലായി. മുണ്ടേരിയിലടക്കം, മഞ്ഞക്കുപ്പായക്കാര്‍ക്ക് പിന്തുണയര്‍പ്പിച്ച് സ്ഥാപിച്ച ഫ്ളക്സുകളില്‍ ‘എതിരാളികള്‍’ റീത്തുവെച്ചും ചെരിപ്പുമാല അണിയിച്ചും കൂടുതല്‍ ‘മുറിവേല്‍പിച്ചു’. സ്വന്തം ടീം തകര്‍ന്നതോടെ ബ്രസീല്‍ ആരാധകര്‍ ആശ്വാസഗോളിനായി രണ്ടാം സെമിഫൈനലിലേക്ക് ഉറ്റുനോക്കുകയാണ്. ബദ്ധവൈരികളായ അര്‍ജന്‍റീന ഹോളണ്ടിനോട് തോറ്റാല്‍ ആഘോഷിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ് അവര്‍. തോറ്റാലും, നിങ്ങളുടേതുപോലെ ഏഴുഗോള്‍ വാങ്ങി ഞങ്ങള്‍ തോല്‍ക്കില്ളെന്ന അര്‍ജന്‍റീന ആരാധകരുടെ മറുപടിക്കുപക്ഷേ തല്‍ക്കാലം ബ്രസീല്‍ ആരാധകര്‍ തിരിച്ചൊന്നും പറയുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.