ബത്തേരി പഞ്ചായത്ത് ഓഫിസിലേക്ക് സി.പി.എം മാര്‍ച്ച്

സുല്‍ത്താന്‍ ബത്തേരി: ടൗണിലെ അഴുക്കുചാല്‍ ശുചീകരണ പ്രവൃത്തിയില്‍ അഴിമതി നടന്നതായി ആരോപിച്ച് സി.പി.എം ബത്തേരി പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അസംപ്ഷന്‍ ജങ്ഷന്‍ മുതല്‍ ചുങ്കം വരെ ദേശീയപാതയോടനുബന്ധിച്ചുള്ള അഴുക്കുചാലിലും റഹീം മെമ്മൊറിയല്‍ വണ്‍വേ റോഡിലുള്ള അഴുക്കുചാലിലുമാണ് ശുചീകരണ പ്രവൃത്തി നടത്തിയത്. അംഗീകൃത കരാറുകാരില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിക്കാതെ ജനകീയ കമ്മിറ്റി തട്ടിക്കൂട്ടി പ്രവൃത്തി നടത്തിയെന്നും അതില്‍ അഞ്ചുലക്ഷത്തോളം രൂപയുടെ അഴിമതി നടന്നുവെന്നുമാണ് ആരോപണം. ജനകീയ കമ്മിറ്റിയില്‍ പ്രവൃത്തി നടക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ഡംഗങ്ങളെയോ ടൗണിലെ വ്യക്തികളെയോ ഉള്‍പ്പെടുത്തിയില്ല. ഫുട്പാത്തില്‍ ചിലയിടങ്ങളില്‍ സ്ളാബ് മാറ്റി ചളി കോരുക മാത്രമാണുണ്ടായത്. മത്സ്യ-മാംസ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ ഇപ്പോഴും പൊതു അഴുക്കുചാലിലേക്ക് തള്ളുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം സി. ഭാസ്കരന്‍ സമരം ഉദ്ഘാടനം ചെയ്തു. കെ.സി. യോഹന്നാന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ. ശശാങ്കന്‍, പി.ആര്‍. ജയപ്രകാശ്, സി.കെ. സഹദേവന്‍, വി.വി. ബേബി, ബേബി വര്‍ഗീസ്, വി.പി. സുഹാസ് എന്നിവര്‍ സംസാരിച്ചു. പി.കെ. രാമചന്ദ്രന്‍ സ്വാഗതവും ബാബു അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.