കെ.എസ്.ആര്‍.ടി.സി സര്‍വീസ് അരണപ്പാറയിലേക്ക് നീട്ടണമെന്ന് ആവശ്യം

തോല്‍പെട്ടി: കെ.എസ്.ആര്‍.ടി.സി തോല്‍പെട്ടി വഴി കുട്ടയിലേക്ക് നടത്തുന്ന ബസ് സര്‍വീസ് അരണപ്പാറയിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടയില്‍നിന്ന് പുറപ്പെടുന്ന ബസ് അരണപ്പാറയിലത്തെി തിരിച്ച് തോല്‍പെട്ടി വഴി മാനന്തവാടിയിലേക്ക് സര്‍വീസ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. അരണപ്പാറ, നരിക്കല്ല് പ്രദേശങ്ങളില്‍ ആദിവാസികളുള്‍പ്പെടെ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. തോല്‍പെട്ടിയില്‍നിന്ന് നാല് കി.മീ. ദൂരം മാത്രമേ അരണപ്പാറയിലേക്കുള്ളൂ. ആകെ രണ്ടു സ്വകാര്യ ബസുകള്‍ മാത്രമാണ് ഇവിടേക്ക് സര്‍വീസ് നടത്തുന്നത്. അഞ്ച് ട്രിപ്പുകള്‍ മാത്രമേ ഈ ബസുകള്‍ ഓടുന്നുള്ളൂ. പ്രദേശത്തെ നിരവധി വിദ്യാര്‍ഥികള്‍ തോല്‍പെട്ടി ഹൈസ്കൂളില്‍ പഠിക്കുന്നുണ്ട്. വാഹന സൗകര്യം കുറവായതിനാല്‍ കാല്‍നടയായാണ് വിദ്യാര്‍ഥികള്‍ സ്കൂളിലത്തെുന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്തുകൂടി ജീവന്‍ പണയംവെച്ചാണ് കുട്ടികളുടെ യാത്ര. റോഡിന്‍െറ ശോച്യാവസ്ഥയായിരുന്നു മുമ്പ് അധികൃതര്‍ ഉയര്‍ത്തിയ വാദം. എന്നാല്‍, ഇപ്പോള്‍ റോഡ് നന്നാക്കിയിട്ടുണ്ട്. ബസ് ഓടാത്ത സമയങ്ങളില്‍ ടാക്സി ജീപ്പുകളെയും ഓട്ടോറിക്ഷകളെയും ആശ്രയിച്ചാണ് പ്രദേശത്തുകാര്‍ യാത്ര ചെയ്യുന്നത്. അരണപ്പാറയില്‍നിന്ന് കുട്ടയിലെ വിവിധ ഭാഗങ്ങളില്‍ ദിവസവും ജോലിക്ക് പോകുന്ന നിരവധിപേരുണ്ട്. ബസ് അരണപ്പാറയിലേക്ക് നീട്ടിയാല്‍ ഇത്തരം തൊഴിലാളികള്‍ക്കും അനുഗ്രഹമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.