തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ വ്യാപകം

ചാവക്കാട്: പുന്ന, പുന്നയൂര്‍ മേഖലയില്‍ തണ്ണീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും കുളങ്ങളും നികത്തല്‍ വ്യാപകമായി. ചാവക്കാട് നഗരസഭയിലെ പുന്നയും പുന്നയൂര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന കുരഞ്ഞിയൂരുമാണ് നിലവും കുളവും നികത്തല്‍ തകൃതിയായിരിക്കുന്നത്. എടക്കഴിയൂര്‍ വില്ലേജിലുള്‍പ്പെടുന്ന അവിയൂര്‍ സ്കൂളിന് പടിഞ്ഞാറ് നാലാംകല്ല് റോഡ്, എടക്കഴിയൂര്‍ ചങ്ങാടം റോഡ് തുടങ്ങിയ ഭാഗങ്ങളില്‍ കനോലി കനാലിന്‍െറ ഇടത്തോടുകളായ ഓരു ജലാശയങ്ങള്‍ മുഴുവന്‍ നികത്തലിന്‍െറ വക്കിലാണ്. എടക്കഴിയൂര്‍ വില്ലേജിന്‍െറ മുക്കിലും മൂലയിലും മണ്ണ് കൂട്ടിയിട്ട് നികത്താനുള്ള തയാറെടുപ്പിലാണ്. വില്ലേജോഫിസിന് തൊട്ട് പിന്‍ഭാഗത്ത് പട്ടാപ്പകലും വയലും കുളങ്ങളും നികത്തുന്നുണ്ടെങ്കിലും അധികൃതര്‍ ഉറക്കം നടിക്കുകയാണ്. കഴിഞ്ഞയാഴ്ച തൃശൂരില്‍ നടന്നൊരു പരിശീലനത്തില്‍ നിലം നികത്തലിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഡപ്യൂട്ടി കലക്ടര്‍ ആഹ്വാനം ചെയ്തിരുന്നു. വില്ലേജോഫിസര്‍മാരുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ നിലം നികത്തല്‍ നടക്കുന്ന സ്ഥലങ്ങള്‍ ജി.പി.എസ് സംവിധാനത്തിലൂടെ ട്രാക് ചെയ്ത് ഗൂഗിള്‍ എര്‍ത്തില്‍ അടയാളപ്പെടുത്തി അറിയിക്കാനാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. എല്ലാവരെയും അതിന് പ്രാപ്തരാക്കുംവിധം ഉദാഹരണസഹിതം പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഈ ട്രയ്നിങ് കഴിഞ്ഞ് രണ്ടാഴ്ച തികയുംമുമ്പേ എടക്കഴിയൂര്‍ വില്ലേജ് പരിധിയില്‍ ഏഴ് കുളങ്ങള്‍ നികത്തി. നിലവില്‍ മലാട് കഴിഞ്ഞ് കുരഞ്ഞിയൂരിലെ പ്രധാന റോഡില്‍ നിന്ന് ചങ്ങാടം റോഡിലേക്ക് കടക്കുന്ന റോഡരികില്‍ മൂന്നിടങ്ങളിലാണ് കുളം നികത്തല്‍ പാതിയിലെത്തിയത്. എടക്കവിയൂര്‍ ദേശീയപാതയിലേക്കുള്ള ചങ്ങാടം റോഡില്‍ എടക്കഴിയൂര്‍ വില്ലേജോഫിസിന് പിന്നിലെ വയലും വയലിലെ കുളങ്ങളും നികത്തല്‍ ചൊവ്വാഴ്ച വൈകീട്ടും തുടരുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് ഇവിടം നികത്തുന്നത്. ചങ്ങാടം പാടത്തിന് കിഴക്കുഭാഗത്ത് കനേലി കനാലിന് തൊട്ടടുത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ ചുറ്റുമുള്ള തണ്ണീര്‍ക്കെട്ടുകള്‍ വര്‍ഷങ്ങളായി തുടങ്ങിയ നികത്തലിന് ഇപ്പോഴും അറുതിയുണ്ടാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത വെള്ളക്കെട്ടും വെള്ളമൊഴുക്കാനാവാതെ കെട്ടിക്കിടന്ന് വിഷജലമാകുന്നതും പ്രദേശത്തെ വയലുകള്‍ നികത്തിയതിന്‍െറ ഫലമായാണെന്ന് പരിസരവാസികള്‍ ആരോപിക്കുന്നു. കുരഞ്ഞിയൂര്‍ ക്ഷേത്രപരിസരത്തുനിന്ന് വളയം തോടിലേക്കുള്ള കണ്ണഞ്ചിറ റോഡ് പ്രദേശവും ചെമ്മണ്‍ പറമ്പുകളായി. എടക്കഴിയൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന കുരഞ്ഞിയൂര്‍ ഭാഗം ഗുരുവായൂര്‍ സ്റ്റേഷന് കീഴിലും തൊട്ടടുത്തുള്ള അവിയൂര്‍ ഭാഗം ചാവക്കാട് സ്റ്റേഷന്‍ പരിധിയിലും ആലാപ്പാലം ഭാഗങ്ങള്‍ വടക്കേക്കാട് സ്റ്റേഷന്‍ പരിധിയിലുമായതിനാല്‍ ഈ ഭാഗങ്ങളില്‍ പൊലീസിന്‍െറ ശ്രദ്ധ എത്താറില്ല. പരാതി അറിയിച്ചാലും സ്റ്റേഷന്‍ പരിധിയുടെ പരിമിതി സൂചിപ്പിച്ചാണ് നികത്തലിന് പ്രാധാന്യം കുറക്കുന്നത്. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ അണ്ടത്തോട് പാലം, തങ്ങള്‍പ്പടി തുടങ്ങിയ പ്രദേശത്തെ വയലുകളും കുളങ്ങളും നികത്തുന്നതായി നിരന്തരം പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ അനങ്ങിയിട്ടില്ല. വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതുള്‍പ്പെടെ ഗൂഗിള്‍ എര്‍ത്തില്‍ പരിശോധിച്ചാല്‍ കഴിഞ്ഞ കുറേവര്‍ഷം മുമ്പുള്ള ചിത്രങ്ങള്‍ സഹിതം ലഭ്യമാകുമെന്നതിനാല്‍ അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാരില്‍ ചിലര്‍ നികത്തിയ സ്ഥലങ്ങളുടെ ഗൂഗിള്‍ മാപ്പുസഹിതം പരാതി ഉന്നതാധികാരികള്‍ക്ക് നല്‍കാനുള്ള നീക്കത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.