ടെക്നിക്കല്‍ സ്കൂളില്‍ സൗജന്യ യൂനിഫോം നിഷേധിക്കുന്നു

മലപ്പുറം: സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ളാസുകളില്‍ സൗജന്യ യൂനിഫോം വിതരണം ചെയ്യുമ്പോള്‍ ടെക്നിക്കല്‍ സ്കൂളുകളിലെ (ടി.എച്ച്.എസ്) എട്ടാംക്ളാസുകാര്‍ക്ക് യൂനിഫോം നിഷേധിക്കുന്നു. ടെക്നിക്കല്‍ സ്കൂളുകള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലാണെന്ന കാരണം പറഞ്ഞാണ് എട്ടാംക്ളാസുകാര്‍ക്ക് യൂനിഫോം നല്‍കാത്തത്. ജില്ലയില്‍ മഞ്ചേരി, കുറ്റിപ്പുറം, നന്നംമുക്ക് എന്നിവിടങ്ങളിലാണ് ടി.എച്ച്.എസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നുമുതല്‍ എട്ടുവരെ ജനറല്‍ സ്കൂളിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ബി.പി.എല്‍ ആണ്‍കുട്ടികള്‍ക്കും യൂനിഫോം സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്. ടി.എച്ച്.എസില്‍ എട്ടാംക്ളാസില്‍ പ്രവേശം ലഭിക്കാന്‍ പ്രത്യേക പരീക്ഷ പാസാകണം. ബയോളജിയും ഹിന്ദിയും ഒഴിച്ചുള്ള മറ്റ് വിഷയങ്ങളും പുറമെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ഡ്രോയിങ്, ടി.വി.എം.ആര്‍, മോട്ടോര്‍ മെക്കാനിക്ക് എന്നിവയില്‍ ഏതെങ്കിലും രണ്ടു വിഷയങ്ങളുമാണ് എട്ടാംക്ളാസില്‍ പഠിക്കേണ്ടത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലായി എന്ന കാരണത്താല്‍ യൂനിഫോം നിഷേധിക്കുന്നത് വിദ്യാഭ്യാസ അവകാശ ലംഘനമാണെന്ന് അധ്യാപകര്‍ പറയുന്നു. കുറ്റിപ്പുറം, മഞ്ചേരി ടി.എച്ച്.എസില്‍ എട്ടില്‍ 120 കുട്ടികളെയും നന്നംമുക്കില്‍ 90 പേരെയുമാണ് പ്രവേശിപ്പിക്കുക. 120 കുട്ടികളെ രണ്ട് ബാച്ചിലിരുത്തിയാണ് എട്ടാംക്ളാസ് പഠനം. 90 കുട്ടികളെ ഒറ്റബാച്ചായും കണക്കാക്കും. അധ്യാപക അനുപാതം 1:45 ആക്കി ജനറല്‍ സ്കുളുകളില്‍ അധ്യാപകഭാരം ലഘൂകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്. എന്നാല്‍, ടി.എച്ച്.എസില്‍ എത്ര വിദ്യാര്‍ഥികള്‍ ഒരു ക്ളാസിലിരുന്നാലും അവിടങ്ങളില്‍ 1:45 അനുപാതം നടപ്പാക്കാന്‍ ഒരു നീക്കവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.