കൊളത്തൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫിസ് വിഭജനം: ആവശ്യം ശക്തം

കൊളത്തൂര്‍: ആറ് ഫീഡറുകളിലായി 19000 ഉപഭോക്താക്കളുള്ള കൊളത്തൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫിസ് വിഭജിക്കണമെന്ന ആവശ്യം ശക്തമായി. കോട്ട എസ്റ്റ്, പുഴക്കാട്ടിരി, പുത്തനങ്ങാടി, കുരുവമ്പലം, വെങ്ങാട്, കൊളത്തൂര്‍ എന്നീ ഫീഡറുകളാണ് സെക്ഷന് കീഴില്‍ വരുന്നത്. ഉപഭോക്താക്കളുടെ ബാഹുല്യം കാരണം വൈദ്യുതി ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ സെക്ഷന് കീഴിലെ മിക്ക ഉപഭോക്താക്കള്‍ക്കും വോള്‍ട്ടേജ് ക്ഷാമമുള്ളതായും പരാതിയുണ്ട്. ആകെ നാല് ലൈന്‍മാന്‍മാരാണ് ഇവിടെയുള്ളത്. ആവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ പെട്ടെന്നുള്ള വൈദ്യുതി അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ യഥാസമയം സേവനം ലഭിക്കുന്നില്ല. വൈകിയെത്തുന്ന ജീവനക്കാര്‍ക്ക് പഴി കേള്‍ക്കേണ്ടി വരുന്നതും നിത്യ സംഭവമാണ്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ വൈദ്യുതി തകരാറിലായാല്‍ ഒരു ദിവസം തന്നെ നൂറുകണക്കിന് പരാതികളാണെന്ന് ജീവനക്കാര്‍ പറയുന്നു. മറ്റു സമയങ്ങളില്‍ ലൈനിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും പുതിയ പ്രവൃത്തികള്‍ നടത്തുന്നതിനും ആവശ്യമായ ജീവനക്കാര്‍ ഓഫിസിലില്ല. വൈദ്യുതിയില്ലാതിരുന്നാല്‍ നാട്ടുകാരുടെ അരിശം ഓഫിസിന് നേരെയാണ്. ലോകകപ്പ് പോലുള്ള ആവേശമത്സരങ്ങളുടെ സമയത്ത് ഭയന്നാണ് ജീവനക്കാര്‍ ജോലിക്ക് നില്‍ക്കുന്നത്. സെക്ഷന്‍െറ വിസ്തൃതി അനുസരിച്ച് പതിനെട്ടോളം ലൈന്‍മാന്‍മാര്‍ വേണ്ടിടത്താണ് നാല് പേര്‍ മാത്രമുള്ളത്. 11 ട്രാന്‍സ്ഫോര്‍മറുകളുള്ള സെക്ഷനില്‍ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കണമെങ്കില്‍ ആഴ്ചകളെടുക്കും. കുറുവ, പുഴക്കാട്ടിരി, മൂര്‍ക്കനാട്, പുലാമന്തോള്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളാണ് ഓഫിസിന് കീഴില്‍വരുന്നത്. പാങ്ങ് കേന്ദ്രമാക്കി പുതിയ സെക്ഷന്‍ ഓഫിസ് തുടങ്ങണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.