അനുഭവങ്ങളില്‍നിന്ന് പദവിയിലേക്ക്; ഡോ. വാസുകിയുടെ ലക്ഷ്യം മാലിന്യമുക്ത കേരളം

തിരുവനന്തപുരം: മധ്യപ്രദേശ് സിവില്‍ സര്‍വീസ് കേഡറില്‍നിന്ന് കേരള കേഡറിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ ഡോ. കെ. വാസുകി ശുചിത്വമിഷന്‍ എക്സി. ഡയറക്ടര്‍ പദവി തെരഞ്ഞെടുക്കാന്‍ കാരണമുണ്ടായിരുന്നു. രക്ഷിതാവെന്ന നിലയിലും പരിസ്ഥിതിതല്‍പര എന്ന നിലയിലും ഉത്തരവാദിത്തമായാണ് ഈ പദവി കാണുന്നതെന്ന് വാസുകി പറയുന്നു. പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും ശുചിത്വമിഷനും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയിലാണ് ഈ ഐ.എ.എസുകാരി അനുഭവങ്ങളിലൂടെ പദവി തെരഞ്ഞെടുത്ത കഥ വിവരിച്ചത്. കേരളത്തിലെത്തി ഭര്‍ത്താവിനൊപ്പം പാലക്കാട്ട് താമസിക്കുന്നതിനിടെ തന്‍െറ കുഞ്ഞുമകള്‍ക്ക് വായില്‍ അസുഖം ബാധിച്ചു. ഡോക്ടറായതിനാല്‍ സ്വന്തംനിലക്ക് പരിശോധന നടത്തി, കാലികളെ ബാധിക്കുന്ന വൈറസാണ് അസുഖകാരണമെന്ന് കണ്ടെത്തി. ഇത് എങ്ങനെ കുഞ്ഞിനെ ബാധിച്ചുവെന്നായിരുന്നു വാസുകിയുടെ ആശങ്കയും ആകാംക്ഷയും. വായുവിലൂടെ വരെ ഈ വൈറസ് പടരുമെന്ന് തിരിച്ചറിഞ്ഞു. നമ്മുടെ പരിസരം എത്രമാത്രം മലിനമാണെന്ന തിരിച്ചറിവായിരുന്നു ആ സംഭവം. ഒരു രക്ഷിതാവെന്ന നിലയിലും പരിസ്ഥിതിതല്‍പര എന്ന നിലയിലുമുള്ള ഉത്തരവാദിത്തം നിറവേറ്റാനാണ് ശുചിത്വമിഷന്‍ ഡയറക്ടര്‍ പദവി സ്വയം തെരഞ്ഞെടുത്തത്. ഓഫിസ് പരിസരത്തെ ബോര്‍ഡിന് താഴെ പോലും മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്നുണ്ടായിരുന്നു. പൊതുസ്ഥലത്ത് മാലിന്യം തള്ളി കത്തിച്ചുകളയുന്നത് തുടര്‍ന്നാല്‍ നാലു വര്‍ഷത്തിനകം തിരുവനന്തപുരം രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ഇടംനേടും. മാലിന്യസംസ്കരണത്തിന് കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്താണ് ഡോ. വാസുകി പ്രവര്‍ത്തനം തുടങ്ങുന്നത്. മാലിന്യം പുറമെ തള്ളുന്നതും കത്തിച്ചുകളയുന്നതും പരിഹാരമല്ലെന്ന് മാത്രമല്ല, മാരകരോഗങ്ങള്‍ കൂടി വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പും നല്‍കുന്നു. മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിക്കുന്നതിന്‍െറ ഗുണമാണ് വാസുകി പങ്കുവെച്ചത്. അതിന് സമൂഹത്തിലെ ഓരോരുത്തരും സ്വയം മാറണം. രോഗങ്ങളില്‍ നാലിലൊന്നും പാരിസ്ഥിതികപ്രശ്നങ്ങള്‍ കാരണമാണെന്നും 22 രോഗങ്ങള്‍ മോശം മാലിന്യപരിപാലനത്തിലൂടെയാണെന്നും ലോകാരോഗ്യ സംഘടനയുടെ പഠനത്തെ മുന്‍നിര്‍ത്തി ഡോ. വാസുകി ചൂണ്ടിക്കാട്ടി. ത്വക്ക്, ശ്വാസകോശം, ആമാശയം, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന വിവിധ തരം അസുഖങ്ങള്‍ക്ക് വിവിധ മാലിന്യങ്ങളുടെ മോശം പരിപാലനം വഴിവെക്കുന്നു. അര്‍ബുദം, ഡെങ്കി, അതിസാരം, വന്ധ്യത പോലുള്ള അസുഖങ്ങള്‍ക്കും ഇതു കാരണമാകുന്നു. വികേന്ദ്രീകൃത മാലിന്യസംസ്കരണം തന്നെയാണ് ജനസാന്ദ്രത കൂടിയ കേരളത്തിന് എന്തുകൊണ്ടും അനുയോജ്യമെന്നും വാസുകി പറയുന്നു. ഐ.എ.എസ് 2008 ബാച്ചുകാരിയാണ് വാസുകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.