മുള്ളൂര്‍ക്കര റെയില്‍വേ മേല്‍പാലം സ്വപ്നമായി അവശേഷിക്കും

ചെറുതുരുത്തി: ചേലക്കര നിയോജക മണ്ഡലത്തിലെ മുള്ളൂര്‍ക്കര റെയില്‍വേ മേല്‍പാല നിര്‍മാണം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേല്‍പാലം അടുത്തകാലത്തൊന്നും പൂര്‍ത്തിയാക്കാനാകില്ലെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് പദ്ധതി ഉപേക്ഷിക്കുന്നത്. മേല്‍പാലത്തിനുവേണ്ടിയുള്ള നീണ്ടകാലത്തെ മുറവിളിക്കൊടുവില്‍ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാന്‍ നടപടി കൈക്കൊള്ളുന്നതിനിടെയാണ് പദ്ധതി പാടെ ഉപേക്ഷിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോര്‍പറേഷനെ കൊണ്ടാണ് മേല്‍പാലം നിര്‍മിക്കാന്‍ ആലോചിച്ചിരുന്നത്. ഇതിന്‍െറ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്‍െറ നേതൃത്വതില്‍ അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങളും നടന്നുവുകയായിരുന്നു. മുള്ളൂര്‍ക്കരയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഏറ്റവും ഗുണപ്രദമായ പദ്ധതിയായിരുന്നു മേല്‍പാലം. വരവൂര്‍, ദേശമംഗലം, ആറങ്ങോട്ടുകര മേഖലകളിലേക്കും എരുമപ്പെട്ടി കുന്നംകുളം പ്രദേശങ്ങളിലേക്കും എളുപ്പത്തില്‍ എത്താമെന്നതും മുള്ളൂര്‍ക്കര മേല്‍പാലത്തിന്‍െറ സവിശേഷതയായിരുന്നു. പദ്ധതി ഉപേക്ഷിച്ച വാര്‍ത്ത ഏറെ വേദനയോടെയാണ് ജനം ഉള്‍ക്കൊണ്ടത്. എന്നാല്‍, തങ്ങള്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നിലപാട്്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മേല്‍പാലം യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി. കുഞ്ഞിക്കോയ തങ്ങള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.