കൊമ്പഴ ഫിനോള്‍ ദുരന്തം: സാക്ഷിവിസ്താരം പൂര്‍ത്തിയായി

തൃശൂര്‍: ദേശീതപാത 17ല്‍ കുതിരാനിനും വാണിയമ്പാറക്കുമിടക്ക് കൊമ്പഴയില്‍ രണ്ട് പതിറ്റാണ്ടുമുമ്പ് ഫിനോള്‍ നിറച്ച ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ ദുരന്തം സംബന്ധിച്ച കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി. തൃശൂര്‍ മോട്ടോര്‍ ആക്സിഡന്‍റ് ക്ളെയിംസ് ട്രൈബ്യൂണലാണ് (എം.എ.സി.ടി) കേസ് പരിഗണിക്കുന്നത്. 1993 ജൂണ്‍ 24നാണ് ദുരന്തം സംഭവിച്ചത്. അഡ്വ. കെ.ബി. വീരചന്ദ്രമേനോന്‍ മുഖേന സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹരജിയില്‍ സാങ്കേതിക തടസ്സങ്ങള്‍ നീങ്ങിയശേഷം കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് സാക്ഷിവിസ്താരം തുടങ്ങിയത്. അഡ്വ. മേനോന്‍െറ മരണശേഷം സ്പെഷല്‍ ഗവ. പ്ളീഡര്‍ ആര്‍. മുരളീധരനാണ് വിസ്താരം നടത്തിയത്. 31 സാക്ഷികളെ വിസ്തരിക്കുകയും ആയിരത്തോളം രേഖകള്‍ ഹാജരാക്കുകയും ചെയ്ത കേസ് എതിര്‍കക്ഷികളുടെ വിസ്താരത്തിന് ഈമാസം 30ലേക്ക് മാറ്റി. രണ്ടുമാസത്തിനകം കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ. ഫിനോള്‍ ഒഴുകി മത്സ്യസ മ്പത്തും വസ്തുവകകളും നശിക്കുകയും പീച്ചി അണക്കെട്ടിലെ വെള്ളത്തില്‍ വിഷാംശം കലരുകയും ചെയ്ത പശ്ചാത്തലത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാറിനുവേണ്ടി തൃശൂര്‍ കലക്ടറായിരുന്ന ജി. രാജശേഖരനാണ് കേസ് ഫയല്‍ ചെയ്തത്. എ.ഡി.എം വി.വി. ജോര്‍ജ്, പുഴക്കല്‍ ബി.ഡി.ഒ രാംമനോഹര്‍, ഒല്ലൂക്കര ബി.ഡി.ഒ കെ.എല്‍. ബെര്‍ലി, പൊതുമരാമത്ത് കെട്ടിടവിഭാഗം ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.വി. രവീന്ദ്രന്‍, അസി. എന്‍ജിനീയര്‍ ടി.വി. പയസ്, ഭൂഗര്‍ഭ ജലവകുപ്പ് ജില്ലാ മേധാവി വി. രാമസ്വാമി, കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹൈഡ്രോളിക് ഡിവിഷന്‍ ജോയന്‍റ് ഡയറക്ടര്‍ എം.എസ്. റുഖിയ, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ ഫൗണ്ടേഷന്‍ എന്‍ജിനീയറിങ് ജോയന്‍റ് ഡയറക്ടര്‍ എലിസബത്ത് തോമസ്, പൊതുമരാമത്ത് പ്രോജക്ട് ഡിവിഷന്‍ എക്സി. എന്‍ജിനീയര്‍ എം.എല്‍. പുരുഷോത്തമന്‍, അശ്വിനി ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.എസ്. ശിവദാസ്, മദര്‍ ആശുപത്രി പി.ആര്‍ മാനേജര്‍ സി.എ. റോബ്സണ്‍, എ.എം.വി.ഐ രാജന്‍, പീച്ചി എസ്.ഐ പി.സി. രവീന്ദ്രന്‍, രാമനിലയം ഗസ്റ്റ്ഹൗസ് മാനേജര്‍ പി.ഡി. സുന്ദരന്‍, തൃശൂര്‍ കോര്‍പറേഷന്‍ ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ എ.എം. മൊയ്തീന്‍, അയ്യന്തോള്‍ വില്ലേജോഫിസര്‍ സി.പി. ജോസ്, പീച്ചി വില്ലേജോഫിസര്‍ കെ.കെ. ബാലകൃഷ്ണന്‍, ജില്ലാ ആശുപത്രി ലേ ഓഫിസര്‍ കെ.വി. പ്രഭാകരന്‍ തുടങ്ങിയവരെയാണ് സാക്ഷികളായി വിസ്തരിച്ചത്. കേരള ലാന്‍ഡ് ഡെവലപ്മെന്‍റ് ബോര്‍ഡ് എക്സി. എന്‍ജിനീയര്‍ ടി.ജെ. ഫ്രാന്‍സിസ് സേവ്യര്‍, വാട്ടര്‍ അതോറിറ്റി റിട്ട. എക്സി. എന്‍ജിനീയര്‍ വി.എം. ഷംസുദ്ദീന്‍, റിട്ട. ചീഫ് എന്‍ജിനീയര്‍ കെ.ടി. ഭാസ്കരന്‍, തലപ്പിള്ളി തഹസില്‍ദാര്‍ പി.ആര്‍. പോള്‍, കരാറുകാരായ വി.സി. ഏലിയാസ്, എ.വൈ. കുഞ്ഞുമുഹമ്മദ്, അയ്യന്തോള്‍ പഞ്ചായത്ത് എക്സി. ഓഫിസര്‍ ടി.എസ്. നാരായണന്‍, സിവില്‍ സപൈ്ളസ് റേഷനിങ് ഇന്‍സ്പെക്ടര്‍ എന്‍. ജയചന്ദ്രന്‍, തൃശൂരിലെ മുന്‍ തഹസില്‍ദാര്‍ ടി.എസ്. രവീന്ദ്രന്‍, ഫിഷറീസ് ഇന്‍സ്പെക്ടര്‍ എസ്. സാധുജന്‍, ദീപിക ദിനപത്രത്തിന്‍െറ തൃശൂര്‍ ലേഖകനായിരുന്ന പി.ജെ. ആബെ ജേക്കബ്, മുന്‍ കലക്ടര്‍ ജി. രാജശേഖരന്‍ തുടങ്ങിയവരെയും സാക്ഷികളായി വിസ്തരിച്ചു. പൊതുഖജനാവിന് സംഭവിച്ച നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഫയല്‍ ചെയ്ത അപൂര്‍വം കേസാണിത്. ദുരന്തത്തിന്‍െറ ആഘാതം കുറക്കാന്‍ ജില്ലാ ഭരണകൂടത്തിന് മാസങ്ങളോളം കഠിനാധ്വാനം ചെയ്യേണ്ടിവന്നു. പീച്ചി അണക്കെട്ടില്‍ ഫിനോള്‍ കലര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ നഗരത്തിലും സമീപ പഞ്ചായത്തുകളിലും താമസിക്കുന്നവര്‍ ഏറെക്കാലം കുടിവെള്ളത്തിന് കഷ്ടപ്പെട്ടു. അണക്കെട്ടിലെ മത്സ്യസമ്പത്തും നശിച്ചു. വെള്ളത്തിലെ ഫിനോളിന്‍െറ അംശം കുറക്കാന്‍ നാഷനല്‍ എന്‍വയണ്‍മെന്‍റല്‍ എന്‍ജിനീയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കുമാരനും ഡോ. മാരിയപ്പനും സംഘവും മാസങ്ങളോളം പ്രയത്നിച്ചു. 35.5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ഉള്‍പ്പെടെ എട്ട് കക്ഷികള്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്. എം.എ.സി.ടിക്ക് കേസ് വിചാരണ ചെയ്യാന്‍ അധികാരമില്ലെന്ന എതിര്‍കക്ഷികളുടെ വാദം കാരണമാണ് വിസ്താരം നീണ്ടത്. ചെറിയാന്‍ കുര്യാക്കോസ് ജഡ്ജിയായ ട്രൈബ്യൂണലാണ് കേസ് പരിഗണിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.