പട്ടികവര്‍ഗ യുവതികള്‍ക്ക് 39 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

കാസര്‍കോട്: തൊഴില്‍രഹിതരായ പട്ടികവര്‍ഗ യുവതികള്‍ക്ക് സ്വയംതൊഴില്‍ ലഭ്യമാക്കുന്നതിന്‍െറ ഭാഗമായി പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലയിലെ 39 യുവതികള്‍ക്ക് ഓട്ടോറിക്ഷ വിതരണം ചെയ്തു. ജില്ലയില്‍ മൊത്തം 45 പേര്‍ക്കാണ് സൗജന്യ ഓട്ടോ അനുവദിച്ചിട്ടുള്ളത്. ബാക്കിയുള്ള ആറുപേര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്ന മുറക്ക് ഓട്ടോ നല്‍കും. സംസ്ഥാനത്ത് മൊത്തം 500 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വിധവകള്‍, വിധവകളുടെ മക്കള്‍, അവിവാഹിതരായ അമ്മമാര്‍, അവരുടെ മക്കള്‍ എന്നിങ്ങനെ മുന്‍ഗണന നല്‍കിയാണ് ഓട്ടോ വിതരണം ചെയ്യുന്നത്. എട്ടാംക്ളാസ് പാസായവര്‍ക്കും മോട്ടോര്‍വാഹന വകുപ്പ് എം.പാനല്‍ ചെയ്തിട്ടുള്ള ഡ്രൈവിങ് സ്കൂളുകളില്‍നിന്നും ഡ്രൈവിങ് പരിശീലനം നേടിയവര്‍ക്കുമാണ് ഓട്ടോ അനുവദിച്ചിട്ടുള്ളത്. ഓട്ടോ ഡ്രൈവിങ് പരിശീലനത്തിന് സ്റ്റൈപന്‍റും പരിശീലന ഫീസുമായി 5000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. 1.40 ലക്ഷം രൂപ വിലയുള്ള പിയാജിയോ ആപെ ഡീസല്‍ ഓട്ടോറിക്ഷകളാണ് വിതരണം ചെയ്തത്. സ്ത്രീകള്‍ ഓടിക്കുന്നതിനാല്‍ നീലയും മഞ്ഞയും നിറമുള്ളതാണ് ഓട്ടോകള്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഓട്ടോറിക്ഷാ വിതരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍) നിര്‍വഹിച്ചു. ഓട്ടോറിക്ഷകളുടെ ഫ്ളാഗ്ഓഫ് കര്‍മം പി.ബി. അബ്ദു റസാഖ് എം.എല്‍.എ നിര്‍വഹിച്ചു. പ്രഫഷനല്‍ കോളജുകളില്‍ കമ്പ്യൂട്ടര്‍ അടിസ്ഥാനമായി പഠനം നടത്തുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ആറ് വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവിനിര്‍വഹിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച പരവനടുക്കം എം.ആര്‍.എസിനെയും മെഡിക്കല്‍ പ്രവേശ പരീക്ഷയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ പ്രസീതക്കും പി.ബി. അബ്ദുറസാഖ് എം.എല്‍.എ ഉപഹാരം നല്‍കി. ചടങ്ങില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. വൈകുണ്ഠന്‍, കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് കെ. ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫിസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ് സ്വാഗതവും അസി. ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫിസര്‍ കെ. കൃഷ്ണപ്രകാശ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.