വിദ്യാഭ്യാസ സമരങ്ങള്‍ക്ക് കാലോചിതമായ മാറ്റം വരുത്തണം– ഇ.പി. ജയരാജന്‍

മട്ടന്നൂര്‍: വിദ്യാഭ്യാസ രംഗത്തെ സമരങ്ങള്‍ക്ക് കാലോചിതമായ മാറ്റം വരുത്തണമെന്നും പഠിപ്പ് മുടക്കാന്‍ മാത്രമല്ല പഠിക്കാന്‍ വേണ്ടിയുള്ളതുമാവണം വിദ്യാഭ്യാസമെന്നും ഇ.പി. ജയരാജന്‍ എം.എല്‍.എ പറഞ്ഞു. എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളായി പ്രവര്‍ത്തിക്കുമ്പോള്‍ എസ്.എഫ്.ഐ അതില്‍നിന്നു വ്യത്യസ്തമാണ്. ഇന്ത്യന്‍ ഭരണാധികാരികള്‍ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ ഒന്നും ചെയ്യുന്നില്ല. ബജറ്റില്‍ മൂന്ന് ശതമാനം പോലും മാറ്റിവെക്കാന്‍ കേന്ദ്രസര്‍ക്കാറുകള്‍ തയാറാവുന്നില്ലെന്നും എന്‍ജിനീയറിങ്, മെഡിക്കല്‍ കോളജുകള്‍ പലരും തുടങ്ങുന്നത് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം നേടാന്‍ വേണ്ടിയല്ലെന്നും വിദ്യാഭ്യാസ കച്ചവടത്തിനാണെന്നും അദ്ദേഹം പറഞ്ഞു.പി.പി. ഗോവിന്ദന്‍ സ്മാരക ഹാളില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ സി. പ്രശോഭ് അധ്യക്ഷത വഹിച്ചു. പി. പുരുഷോത്തമന്‍, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ഷിജുഖാന്‍, സെക്രട്ടറി ടി.പി. ബിനീഷ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം. ഷാജര്‍, കെ. റഫീഖ്, കെ. സബീഷ്, സരിന്‍ ശശി എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന പ്രതിഭാ സംഗമം കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല കലോത്സവ പ്രതിഭകളെയും വിവിധ കലാ കായിക മേളകളില്‍ വിജയിച്ച വിദ്യാര്‍ഥികളെയും അനുമോദിച്ചു. 18 ഏരിയകളില്‍ നിന്നായി 386 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം ഇന്ന് വൈകീട്ട് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.