ബജാജ് പൾസർ 180
തിരിച്ചുവരവ് ഗംഭീരമാക്കി ബജാജ് പൾസർ 180; എൽ.ഇ.ഡി ലൈറ്റുകളും ബ്ലൂടൂത്തും കണക്ടിവിറ്റിയും ഉൾപ്പെടെ നിരവധി ഫീച്ചറുകൾ!
ന്യൂഡൽഹി: ഇന്ത്യൻ നിരത്തുകളിലെ എക്കാലത്തെയും പ്രിയപ്പെട്ട മോട്ടോർ സൈക്കിളുകളിൽ ഒന്നായ പൾസർ 180-നെ ബജാജ് ഓട്ടോ വീണ്ടും വിപണിയിലെത്തിച്ചു. 1.22 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്സ് ഷോറൂം വില. 2022ൽ നിർത്തലാക്കിയ ഈ മോഡലിനെ ആധുനികമായ മാറ്റങ്ങളോടെയാണ് ബജാജ് ഇപ്പോൾ തിരികെ കൊണ്ടുവന്നിരിക്കുന്നത്. പൾസർ ബ്രാൻഡിന്റെ 25-ാം വാർഷിക വേളയിലാണ് ഈ പുനരാഗമനം എന്നത് വളരെ ശ്രദ്ധേയമാണ്.
പഴയ പൾസറിന്റെ അതേ ഡിസൈൻ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ സ്റ്റൈലിഷായാണ് പുതിയ 180 മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്. പുതിയ എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, എൽ.ഇ.ഡി ടേൺ ഇൻഡിക്കേറ്ററുകൾ, പൈലറ്റ് ലാമ്പുകൾ എന്നിവ പുതിയ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുൾ ഡിജിറ്റൽ റിവേഴ്‌സ് മോണോക്രോം എൽ.സി.ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ മൊബൈൽ ഫോൺ ബൈക്കുമായി ബന്ധിപ്പിക്കുന്നതിലൂടെ കാൾ, മെസ്സേജ് അലേർട്ടുകളും മറ്റ് റൈഡ് വിവരങ്ങളും ഡിസ്‌പ്ലേയിൽ കാണാൻ സാധിക്കും.
178.6 സി.സി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് DTS-i എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ഈ എൻജിൻ പരമാവധി 17 ബി.എച്ച്.പി പവറും 15 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. പഴയ മോഡലിനെ അപേക്ഷിച്ച് ടോർക്കിൽ 0.8 എൻ.എം വർധനവ് വരുത്തിയിട്ടുണ്ട്. പൾസർ 150-യേക്കാൾ 3 ബി.എച്ച്.പി കരുത്ത് കൂടുതലാണ് 180 മോഡലിന്. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് വാഹനം ജോടിയിണക്കിയിരിക്കുന്നത്.
മുൻവശത്തായി ടെലിസ്കോപ്പിക് ഫോർക്കുകളും പിൻവശത്ത് ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്‌സോർബറുകളുമാണ് നൽകിയിരിക്കുന്നത്. സുരക്ഷക്കായി മുന്നിൽ 280 എം.എം ഡിസ്കും പിന്നിൽ 230 എം.എം ഡിസ്കും ഒപ്പം എ.ബി.എസും സജ്ജീകരിച്ചിരിക്കുന്നു. 15 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. ബ്ലാക്ക്-ഗോൾഡ്, ബ്ലാക്ക്-ബ്ലൂ, ബ്ലാക്ക്-ഗ്രേ, ബ്ലാക്ക്-റെഡ്, വൈറ്റ് എന്നീ അഞ്ച് നിറങ്ങളിൽ ഉപഭോക്താക്കൾക്ക് പുതിയ പൾസർ 180 സ്വന്തമാക്കാം.
നിലവിൽ വിപണിയിൽ ലഭിക്കുന്ന പൾസർ 150-യേക്കാൾ ഏകദേശം 12,000 രൂപ കൂടുതലാണ് പുതിയ 180 മോഡലിന്. എങ്കിലും പൾസർ 180 മോഡലിന്റെ പ്രധാന എതിരാളിയായ ടി.വി.എസ് അപ്പാച്ചെ ആർ.ടി.ആർ 180-യേക്കാൾ 4,000 രൂപ കുറവാണെന്നത് വിപണിയിൽ ബജാജിന് മുൻതൂക്കം നൽകുന്നു. മികച്ച പ്രകടനവും ആധുനിക സൗകര്യങ്ങളും ആഗ്രഹിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് ബജാജ് ഈ 'ക്ലാസിക്' മോഡലിനെ വീണ്ടും വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.