യൂസ്ഡ് വാഹനം വാങ്ങാൻ ആലോചിക്കുമ്പോൾ പണി കിട്ടുമോ എന്ന ചിന്തയാണ് ആദ്യം മനസ്സിൽ വരുന്നതെങ്കിൽ, ഷോറൂമിൽനിന്ന് പുതിയ വാഹനം വാങ്ങുമ്പോൾ പണി കുറവുണ്ടോ (Manufacturing Defects) എന്നാണ് നോക്കേണ്ടത്.
ഷോറൂമിൽനിന്ന് ഇറക്കുന്ന വണ്ടി ആയതുകൊണ്ട് കണ്ണും പൂട്ടി വിശ്വസിക്കാമെന്ന് കരുതരുത്. ഇതിനെയാണ് നമ്മൾ PDI (Pre-Delivery Inspection) എന്ന് വിളിക്കുന്നത്. ഇത് പരിശോധിച്ച് നൽകുന്ന പ്രഫഷനൽ ടീമുകൾവരെ ഇപ്പോൾ റെഡിയാണ്. വാഹനം ഓടിക്കാൻ അറിയാമെന്നല്ലാതെ മറ്റ് പരിശോധനകളൊന്നും സ്വയം ചെയ്യാൻ അറിവില്ലാത്തവർക്ക് ഉപകാരപ്പെടും ഇത്തരം PDI ചെക്കർമാരുടെ സേവനം.
ലക്ഷങ്ങൾകൊടുത്ത് ഷോറൂമിൽനിന്ന് ഒരു വണ്ടി പുറത്തിറക്കുമ്പോൾ അത് പെർഫെക്റ്റ് ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ, ട്രാൻസ്‌പോർട്ടേഷൻ സമയത്തോ യാർഡിൽ ഇട്ടപ്പോഴോ സംഭവിക്കാവുന്ന ചെറിയ പിഴവുകൾ നിങ്ങളുടെ പുതിയ വാഹനത്തിലും ഉണ്ടാകാം. അതുകൊണ്ട് വണ്ടി രജിസ്റ്റർ ചെയ്യും മുമ്പുതന്നെ ഇക്കാര്യങ്ങൾ പരിശോധിക്കുന്നത് പിന്നീടുള്ള തലവേദനകൾ ഒഴിവാക്കാൻ സഹായിക്കും.
ചേസിസ് നമ്പറും മാസവും
(VIN Number)
വണ്ടി നിർമിച്ച വർഷവും മാസവും കൃത്യമായി പരിശോധിക്കുക. പഴയ സ്റ്റോക്ക് വാഹനം പുതിയതാണെന്ന് പറഞ്ഞ് ചിലപ്പോൾ ഡീലർമാർ നൽകാൻ സാധ്യതയുണ്ട്. ഇതിനെ VIN (Vehicle Identification Number) ഡീകോഡിങ് എന്ന് പറയുന്നു. ഇയർ എൻഡിങ് ഓഫറിൽ പഴയ സ്റ്റോക്ക് വാഹനങ്ങൾ ആണെന്ന് കൃത്യമായി നിങ്ങളെ അറിയിച്ചശേഷം മികച്ച ഡിസ്കൗണ്ട് കിട്ടിയാൽ വാങ്ങുന്നതിൽ തെറ്റില്ല താനും.
പെയിന്റ് പരിശോധന
വണ്ടി പകൽ വെളിച്ചത്തിൽതന്നെ പരിശോധിക്കുക. റീപെയിന്റ് ചെയ്ത ഭാഗങ്ങളോ പോറലുകളോ ശ്രദ്ധയിൽപെട്ടാൽ വിട്ടുവീഴ്ച വേണ്ട. ട്രാൻസ്പോർട്ട് ചെയ്യുമ്പോൾ സംഭവിക്കുന്ന പോറലുകൾ ഷോറൂമിൽ വെച്ചുതന്നെ പെയിന്റ് ചെയ്യാറുണ്ട്, ഇത് പ്രത്യേകം ശ്രദ്ധിക്കണം.
ഓഡോമീറ്റർ റീഡിങ്
പുതിയ വണ്ടിയിൽ സാധാരണയായി 50 കിലോമീറ്ററിൽ താഴെ മാത്രമേ റീഡിങ് പാടുള്ളൂ. 50 പോലും കൂടുതലാണ്, ഇത്രയും ഓടിയതിന്റെ കൃത്യമായ കാരണം പറയാൻ ഡീലർ ബാധ്യസ്ഥരാണ്. അതിലും കൂടുതൽ ഓടിയിട്ടുണ്ടെങ്കിൽ അത് എന്തിനുവേണ്ടി ഉപയോഗിച്ചു എന്ന് ചോദിക്കണം. ടെസ്റ്റ് ഡ്രൈവിന് ഉപയോഗിച്ച വാഹനങ്ങൾവരെ മോടിപിടിപ്പിച്ച് അടിച്ചേൽപ്പിച്ച വാർത്തകൾ നമുക്ക് മുന്നിൽ ഉള്ളതിനാൽ വളരെ ജാഗ്രത വേണം പുതിയ വാഹനം എടുക്കുമ്പോൾ.
ഇന്റീരിയർ പ്ലാസ്റ്റിക് &സീറ്റ്
സീറ്റുകളിലെ കവറുകൾ മാറ്റിയതാണോ എന്ന് നോക്കുക. അകത്തളത്തിൽ എവിടെയെങ്കിലും അഴുക്കോ കറകളോ ഉണ്ടോ എന്ന് പരിശോധിക്കുക.
ടയറുകൾ
പുതിയ വണ്ടിയുടെ ടയറുകളിലെ ‘ത്രെഡ്’ നോക്കുക. നാല് ടയറുകളും ഒരേ കമ്പനിയുടേതാണെന്നും ഒരേവർഷം നിർമിച്ചതാണെന്നും ഉറപ്പുവരുത്തുക. വാഹനത്തിന്റെ നിർമാണ മാസത്തോട് ഒരുപാട് മാസങ്ങൾ പിറകിലോട്ടുള്ള ടയറുകൾ ആണെങ്കിൽ കാര്യങ്ങൾ അത്ര വെടിപ്പല്ല എന്ന് അനുമാനിക്കേണ്ടിവരും.
ഇലക്ട്രിക്കൽ ഫീച്ചേഴ്സ്
എല്ലാ ലൈറ്റുകളും, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വിൻഡോകൾ, സെൻട്രൽ ലോക്കിങ് എന്നിവ ഷോറൂമിൽ വെച്ചുതന്നെ പ്രവർത്തിപ്പിച്ചു നോക്കുക.
ഫ്ലൂയിഡ് ലെവലുകൾ
എൻജിൻ ഓയിൽ, കൂളന്റ്, ബ്രേക്ക് ഫ്ലൂയിഡ് എന്നിവ ആവശ്യത്തിന് ഉണ്ടോ എന്ന് ബോണറ്റ് തുറന്നു പരിശോധിക്കണം.
ടൂൾ കിറ്റും സ്പെയർ ടയറും
ജാക്കി, സ്പാനറുകൾ, സ്പെയർ ടയർ എന്നിവ വണ്ടിയിലുണ്ടെന്ന് ഉറപ്പുവരുത്തുക. പുതിയ പല വാഹനങ്ങളിലും ടയർ പ്രഷർ മോണിറ്ററിങ് സംവിധാനവും പഞ്ചർ കിറ്റുമായതിനാൽ സ്പെയർ ടയർ കമ്പനികൾ നൽകാറില്ല എന്നതും ഓർമയിലുണ്ടാകണം.
ഇൻഷുറൻസ്, ഇൻവോയ്സ്, വാറന്റി പേപ്പറുകൾ, റോഡ് ടാക്സ് രസീതുകൾ എന്നിവയിൽ പേരും വിവരങ്ങളും തെറ്റില്ലാതെ വന്നിട്ടുണ്ടോ എന്ന് നോക്കുക. ആക്സസറീസായി നിങ്ങൾ പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ചതും ഓഫറായി ഡീലർ വാഗ്ദാനം ചെയ്തതും ഉൾപ്പെടുത്താൻ വിട്ടുപോയിട്ടുണ്ടോ എന്നും ശ്രദ്ധിക്കുക.
പഴയ വാഹനം വാങ്ങുന്നത് ‘കുറ്റാന്വേഷണം’ നടത്തുന്ന പൊലീസിനെ പോലെയാണെങ്കിൽ, പുതിയത് വാങ്ങുന്നത് പറഞ്ഞതെല്ലാം കിട്ടിയിട്ടുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുന്ന ‘ക്വാളിറ്റി ചെക്കിങ്’ ഡിറ്റക്ടീവിനെ പോലെയാണ്. വാഹനം നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് രജിസ്ട്രേഷന് മുമ്പുതന്നെ പരിശോധന നടത്തി തകരാറുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നത് മനഃസമാധാനത്തിന് ഉത്തമമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.