കൊച്ചി: ഇന്ത്യൻ പ്രീമിയം എം.പി.വി വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുകൊണ്ട് ടൊയോട്ട ഇന്നോവ ഹൈക്രോസ് രണ്ട് ലക്ഷം യൂനിറ്റുകൾ നിരത്തുകളിൽ എത്തിച്ചു. ഹൈക്രോസ് മോഡലിൽ പുതിയ നാഴികകല്ലാണിത്. 2022 നവംബറിൽ പുറത്തിറങ്ങിയ ഹൈക്രോസ് എം.പി.വി ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്.
ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ എക്കാലത്തേയും മികച്ച എം.പി.വിയായ ഇന്നോവയുടെ രണ്ടാം തലമുറയിലെ ക്രിസ്റ്റയുടെ നിർമാണം അവസാനിപ്പിക്കാനൊരുങ്ങുന്നതായുള്ള റിപോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ടൊയോട്ട ക്വാളിസ് നിർമാണം അവസാനിപ്പിച്ചപ്പോൾ പുതിയ എം.പി.വിയുമായി ടൊയോട്ട വിപണിയിൽ എത്തിയതുപോലെ മറ്റൊരു മോഡൽ ക്രിസ്റ്റക്ക് ശേഷം എത്തിക്കുമെന്ന് വാഹന പ്രേമികൾ പ്രതീക്ഷിച്ചെങ്കിലും ടൊയോട്ട ഇതുവരെ ഒരു മോഡലും പ്രഖ്യാപിച്ചിട്ടില്ല. ഒരു പക്ഷെ അത് ഹൈക്രോസിനെ വിപണിയിൽ പിടിച്ച് നിർത്താനുള്ള തന്ത്രമായാണ് വാഹനലോകം വിലയിരുത്തിയത്. അതിന് അടിവരയിടുകയാണ് ഹൈക്രോസിന്റെ പുതിയ വിൽപ്പന കണക്ക്. അതേസമയം ഹൈബ്രിഡ് വാഹനങ്ങളോടുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന താൽപ്പര്യമാണ് ഹൈക്രോസിന്റെ ഈ വിജയത്തിന് പിന്നിലെന്നും പറയപ്പെടുന്നുണ്ട്.
ടൊയോട്ടയുടെ വിശ്വസ്തമായ TNGA പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഹൈക്രോസ്, ഒരു എം.പി.വിയുടെ പ്രായോഗികതയും എസ്.യു.വിയുടെ ലുക്കും ഒത്തുചേർന്ന വാഹനമാണ്. കുടുംബങ്ങൾക്കും ദീർഘദൂര യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഹൈക്രോസിന്റെ രൂപകൽപ്പന. 2.0 ലിറ്റർ പെട്രോൾ എൻജിനൊപ്പം പ്രവർത്തിക്കുന്ന 5-ാം തലമുറ സെൽഫ് ചാർജിങ് ഹൈബ്രിഡ് സിസ്റ്റമാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ഈ എൻജിൻ പരമാവധി 186 പി.എസ് കരുത്ത് ഉൽപ്പാദിപ്പിക്കുന്നു. സിറ്റി ഡ്രൈവിങ്ങിൽ വലിയൊരു ഭാഗം ഇലക്ട്രിക് മോഡിൽ ഓടിക്കാൻ സാധിക്കുന്നതിനാൽ ഇന്ധന ലാഭം ഉറപ്പാക്കുന്നു. കൂടാതെ നോൺ-ഹൈബ്രിഡ് വകഭേദത്തിൽ ബജറ്റിന് അനുയോജ്യമായ 2.0 ലിറ്റർ പെട്രോൾ എൻജിൻ മോഡലും ഹൈക്രോസിന് ലഭ്യമാണ്.
യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കും സുരക്ഷക്കും ഹൈക്രോസ് വലിയ മുൻഗണന നൽകുന്നുണ്ട്. രണ്ടാം നിരയിലെ പവർഡ് ഒട്ടോമൻ സീറ്റുകൾ വിമാനയാത്രക്ക് സമാനമായ അനുഭവം നൽകുന്നു. കൂടാതെ വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്നോളജി എന്നീ ഫീച്ചറുകളും ഹൈക്രോസിൽ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷക്ക് മുൻഗണന നൽകുന്നതിനാൽ ADAS അടിസ്ഥാനമാക്കിയുള്ള 'ടൊയോട്ട സേഫ്റ്റി സെൻസ്', BNCAP 5-സ്റ്റാർ റേറ്റിങ് എന്നിവ എം.പി.വിയെ വിപണിയിലെ സുരക്ഷിതമായ വാഹനങ്ങളിലൊന്നായി മാറ്റുന്നു.
ഡീസൽ വാഹനങ്ങളിൽ നിന്ന് പെട്രോൾ-ഹൈബ്രിഡ് സാങ്കേതികവിദ്യയിലേക്കുള്ള ഉപഭോക്താക്കളുടെ ചുവടുമാറ്റം ഹൈക്രോസിന് വലിയ ഗുണമായി. 19.53 ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം) ഇന്ത്യയിൽ ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. വരും വർഷങ്ങളിലും ഹൈബ്രിഡ് വിപണിയിൽ ടൊയോട്ടയുടെ മുന്നേറ്റം തുടരുമെന്നാണ് വിപണിയിലെ സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.