ഹൈദരാബാദ്: 2031ഓടെ നാല് ഇലക്ട്രിക് വാഹനങ്ങൾ കൂടി പുറത്തിറക്കാനൊരുങ്ങി കാർ വിപണിയിലെ മുൻനിരക്കാരായ മാരുതി സുസുക്കി. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാര ഒറ്റദിവസം 108 വാഹനങ്ങൾ കൈമാറിയ ചടങ്ങിലായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയോട് ഉപഭോക്താക്കൾക്കുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നതെന്ന് കമ്പനിയുടെ മുതിർന്ന എക്സിക്യൂട്ടീവ് പറഞ്ഞു.
2031ഓടെ നാല് ഇ.വി കൂടി മാരുതി സുസുക്കി പുറത്തിറക്കും. 2031 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹന വിപണിയിൽ മുൻനിരക്കാരാകുകയാണ് മാരുതി സുസുക്കിയുടെ ലക്ഷ്യം. അതേസമയം, പശ്ചിമേഷ്യയിലെ പ്രതിസന്ധി കാർ വിപണിയെയും ബാധിച്ചതായും വില വർധിപ്പിക്കേണ്ട സാഹചര്യമാണെന്നും മുതിർന്ന എക്സിക്യൂട്ടീവ് ഓഫിസർ പാർത്തോ ബാനർജി പറഞ്ഞു. വില വർധനവിന്റെ തീരുമാനം ഉടൻ പ്രഖ്യാപിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം മാരുതി സുസുക്കി 4.50 ലക്ഷത്തോളം വാഹനങ്ങൾ കയറ്റുമതി ചെയ്തിരുന്നുവെന്നും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതം ഇതുവരെ വിലയിരുത്തിയിട്ടില്ലെന്നും ബാനർജി പറഞ്ഞു.
ഗുജറാത്തിലെ മാരുതി സുസുക്കിയുടെ ഹൻസൽപൂർ നിർമാണ കേന്ദ്രത്തിലായിരുന്നു ഇ വിറ്റാരയുടെ നിർമാണം. 2026ൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത ബാറ്ററി ഇലക്ട്രിക് വാഹനമാണ് ഇ വിറ്റാര. 44 രാജ്യങ്ങളിലേക്കായി 25,000ത്തിലധികം ഇ വിറ്റാര ഇതിനകം കയറ്റുമതി ചെയ്തുവെന്നും കമ്പനി അധികൃതർ പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ ശൃംഖല വിപുലമാക്കുന്നതിനായി 2030 ആകുമ്പോഴേക്കും രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം പൊതു ചാർജിങ് പോയിന്റുകൾ കൊണ്ടുവരാനും മാരുതി സുസുക്കി ലക്ഷ്യമിടുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം 2000ത്തിലധികം മാരുതി സുസുക്കി എക്‌സ്‌ക്ലൂസീവ് ചാർജിങ് പോയിന്റുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. 1.5 ലക്ഷത്തിലധികം പേരടങ്ങുന്ന പ്രത്യേക പരിശീലനം ലഭിച്ച തൊഴിലാളികളുടെ പിന്തുണയോടെ രാജ്യവ്യാപകമായി ഇവി-റെഡി സർവീസ് വർക്ക്‌ഷോപ്പുകൾ ഒരുക്കിയതായും മാരുതി സുസുക്കി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.