റെയില്‍ പാളത്തില്‍ വിള്ളല്‍; വിദ്യാര്‍ഥികളുടെ ഇടപെടല്‍ അപകടം ഒഴിവാക്കി

കൊയിലാണ്ടി: റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിയ അവസരോചിത ഇടപെടല്‍ അപകടം ഒഴിവാക്കി. കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയില്‍ വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് വടക്കുഭാഗം രണ്ടാംപാളത്തിലാണ് ശനിയാഴ്ച രാവിലെ വിള്ളല്‍ കണ്ടെത്തിയത്. 10.50ന് ഏറനാട് എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് വിദ്യാര്‍ഥികളായ പട്ടയില്‍ താഴകുനി അശ്വന്ത്, കൊളായി കെ.ടി.കെ. സൂരജ് എന്നിവര്‍ ഒരു ഇഞ്ചിലധികം വ്യാസമുള്ള വിള്ളലുകള്‍ പാളത്തിന്‍െറ ജോയിന്‍റില്‍ കണ്ടത്. ട്രെയിന്‍ കടന്നുപോകുമ്പോള്‍ അസാധാരണ ശബ്ദം കേട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ റെയില്‍പാളം പരിശോധിക്കുകയായിരുന്നു. ഉടനെ വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനില്‍ വിവരംഅറിയിച്ചു. അവിടെ കമീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന റിട്ട. റെയില്‍വേ ഗേറ്റ്കീപ്പര്‍ പി. കേളപ്പന്‍ തിക്കോടി റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടു. അപ്പോഴേക്കും മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിന്‍ തിക്കോടി വിട്ടുകഴിഞ്ഞിരുന്നു. അപകടം മുന്നില്‍ക്കണ്ട കേളപ്പനും കുട്ടികളും മുന്നോട്ടുകുതിച്ചു. ‘ഹാന്‍ഡ്സിഗ്നല്‍’ കാണിച്ചു. അപകടം തിരിച്ചറിഞ്ഞ് എന്‍ജിന്‍ ഡ്രൈവര്‍ ഉടന്‍ ട്രെയിന്‍ നിര്‍ത്തി. കൊയിലാണ്ടിയില്‍ നിന്ന് എന്‍ജിനീയറിങ് സെക്ഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി താല്‍ക്കാലിക സംവിധാനം ഒരുക്കിയതിനുശേഷം ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിന്‍ കടന്നുപോയത്. പി.എസ്.സി പരീക്ഷക്ക് പോകുന്ന വിദ്യാര്‍ഥികളും ട്രെയിനില്‍ ഉണ്ടായിരുന്നു. ട്രെയിന്‍ വൈകിയത് ഇവരെ ആശങ്കയിലാക്കി. പലരും ബസുകളിലാണ് തുടര്‍ന്ന് പരീക്ഷാ സെന്‍ററുകളിലേക്ക് പോയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.