കോഴിക്കോട്: ഒടുവില്‍ അവരുടെ ആഗ്രഹം സഫലമായി. നാടും വീടും വീട്ട് അന്യസംസ്ഥാനത്ത് ജോലിക്ക് എത്തിയ കുടുംബത്തിലെ കുട്ടികള്‍ക്ക് ഒടുവില്‍ സ്കൂളിന്‍െറ സ്നേഹാശ്ളേഷം. അസമില്‍നിന്ന് കോഴിക്കോട് ചെറുവണ്ണൂരില്‍ എത്തി ഇന്‍റര്‍ലോക്ക് നിര്‍മാണ കേന്ദ്രത്തില്‍ കഴിയുന്ന അനിതയുടെ മക്കളായ അമറും റീത്തയുമാണ് കഴിഞ്ഞ ദിവസം സ്കൂളിന്‍െറ പടവുകള്‍ കയറിയത്. ആഗ്രഹമുണ്ടായിട്ടും സ്കൂളില്‍ പോകാന്‍ കഴിയാത്ത ഇവരുടെ ദുരിതാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ ജൂണ്‍ രണ്ടിന് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. റീത്തക്ക് നാലും അമറിന് 11മാണ് വയസ്സ്. പുറത്ത് സ്കൂളില്‍ പോകുന്നതിനെ ചൊല്ലിയുള്ള സംസാരങ്ങള്‍ കേള്‍ക്കുമ്പോള്‍ അമ്മയോട് റീത്ത കെഞ്ചിയിരുന്നു, തന്നെ സ്കൂളില്‍ ചേര്‍ക്കണമെന്ന്. കേരളത്തില്‍ എത്തിയശേഷം മൂന്നു വര്‍ഷമായി സ്കൂളില്‍ പോകാന്‍ കഴിയാത്ത അമര്‍ പഴയ നോട്ടുബുക്കുകളില്‍ മുഖം പൂഴ്ത്തും. അമ്മ അനിത പലരോടും കുട്ടികളുടെ സ്കൂള്‍ പ്രവേശത്തെക്കുറിച്ച് പറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. ഭാഷയായിരുന്നു പ്രധാന പ്രശ്നം. നാട്ടില്‍ ഭര്‍ത്താവോ ബന്ധുക്കളോ ആരും ഇല്ലാത്തതിനാല്‍ ഇനി തിരിച്ചുപോക്കില്ലെന്ന് അനിതയും ഉറച്ചിരുന്നു. തൊഴിലെടുത്ത് കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം. അത് മാത്രമായിരുന്നു പ്രതീക്ഷ. ‘മാധ്യമം‘ വാര്‍ത്തയെത്തുടര്‍ന്ന് സന്നദ്ധ സംഘടനകള്‍ സഹായ ഹസ്തവുമായി രംഗത്തുവന്നെങ്കിലും തൊഴിലുടമ തടസ്സം നിന്നതോടെ പ്രതീക്ഷകള്‍ വഴി മുട്ടി. ഇതോടെ നാട്ടിലേക്ക് തിരിച്ചുപോവാന്‍ ഒരുങ്ങിയ അനിതക്കും കുടുംബത്തിനും ചൈല്‍ഡ് ലൈന്‍ അധികൃതരുടെ ഇടപെടലോടെയാണ് വഴിത്തിരിവായത്. അധികൃതര്‍ സംസാരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും മറ്റു സൗകര്യങ്ങളും നല്‍കാന്‍ ഉടമ തയാറാവുകയായിരുന്നു. കഴിഞ്ഞ ദിവസം തൊഴിലിടത്തിന് സമീപത്തെ ചെറുവണ്ണൂര്‍ ലിറ്റില്‍ഫ്ളവര്‍ സ്കൂളില്‍ വിദ്യാര്‍ഥികളെ ചേര്‍ത്തു. വസ്ത്രവും ഫീസും മറ്റു ചെലവുകളുമെല്ലാം ഉടമ തന്നെ നല്‍കി. റീത്തയെ എല്‍.കെ.ജിയിലും അമറിനെ ആറാംതരത്തിലുമാണ് പ്രവേശിപ്പിച്ചത്. തൊഴിലിടത്തെ അവരുടെ കൊച്ചുമുറിയിലും മുഴങ്ങുന്നുണ്ട് ഇപ്പോള്‍ അറിവിന്‍െറ നാനാക്ഷരങ്ങള്‍. ഭാഷയുടെ അതിരുകള്‍ ഭേദിച്ച് സ്കൂളിന്‍െറ ലയത്തിലേക്ക് അവരും ചേര്‍ന്നുവരുകയാണെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. ഇപ്പോഴാണ് അമ്മ അനിതക്ക് ശ്വാസം നേരെ വീണത്. ‘ഇനിയവര്‍ പഠിച്ചു വളരട്ടെ’ -അവര്‍ പറയുന്നു. കുട്ടികളുടെ ക്ഷേമത്തിനായി ആവശ്യമായ പിന്തുണ നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.