മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശീലനമില്ലാത്ത ജീവനക്കാര്‍

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ജീവനക്കാര്‍ക്ക് മനോരോഗികളെ പരിചരിക്കാനാവശ്യമായ പരിശീലനമില്ല. സാധാരണ രോഗികളെ പരിചരിക്കുന്ന അതേ ലാഘവത്തോടെയാണ് ജീവനക്കാര്‍ മനോരോഗികളെയും പരിചരിക്കാനെത്തുന്നത്. അക്രമസ്വഭാവമുള്ളവരെയും പറഞ്ഞാലനുസരിക്കാത്തവരെയും ദേഹോപദ്രവം നടത്തി അനുസരിപ്പിക്കുക, പേടിപ്പിച്ച് അനുസരിപ്പിക്കുക തുടങ്ങിയ പ്രാകൃത മാര്‍ഗങ്ങളാണ് ഇപ്പോഴും പ്രയോഗിക്കുന്നത്. രോഗികളെ ഭയപ്പെടുത്താതെ എങ്ങനെ ശാന്തരാക്കാം എന്നതിനെക്കുറിച്ച് ജീവനക്കാര്‍ക്ക് ഒരറിവുമില്ല. വല്ലാത്ത പ്രശ്നക്കാരെ മരുന്ന് നല്‍കി മയക്കുകയെന്നതാണ് ആശുപത്രി ജീവനക്കാരുടെ കൈയിലെ പോംവഴി. നഴ്സുമാര്‍, നഴ്സിങ് അസിസ്റ്റന്‍റുമാര്‍, അറ്റന്‍ഡര്‍മാര്‍ തുടങ്ങിയവര്‍ക്കെല്ലാം പരിശീലനം ആവശ്യമാണ്. എന്നാല്‍, മറ്റ് ആശുപത്രികളില്‍നിന്ന് സ്ഥലംമാറ്റം കിട്ടുമ്പോള്‍ ഇവിടെ വരുന്നു, വേറെ എവിടേക്കെങ്കിലും മാറ്റം കിട്ടുമ്പോള്‍ അങ്ങോട്ടുപോകുന്നു എന്നതു മാത്രമാണ് സംഭവിക്കുന്നത്. ആശുപത്രിയില്‍ ഒരു പരിശീലന കേന്ദ്രമുണ്ടെങ്കില്‍ ആശുപത്രി ജീവനക്കാര്‍ക്കെങ്കിലും പരിശീലനം നല്‍കാം. നിലവില്‍ മറ്റൊരു സ്ഥലംമാറ്റം കിട്ടുംവരെയുള്ള ഷോര്‍ട്ട്സ്റ്റേ ഹോം മാത്രമാണ് ജീവനക്കാര്‍ക്ക് ഈ ആശുപത്രി. ആവശ്യത്തിന് ജീവനക്കാരില്ലാതെ വിഷമിക്കുന്ന മെഡിക്കല്‍ കോളജില്‍പോലും നഴ്സുമാര്‍ രോഗികളുടെ അടുത്തുവന്ന് മരുന്ന് നല്‍കുകയും കഴിച്ചോ എന്നന്വേഷിക്കുകയും ചെയ്യുമ്പോള്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നഴ്സിങ് സ്റ്റേഷനിലിരുന്ന് നഴ്സുമാര്‍ മരുന്നു വിതരണം നടത്തുകയാണ്. ഏഴാം വാര്‍ഡിലാണ് പ്രശ്നം രൂക്ഷം. ഏഴാം വാര്‍ഡില്‍ രോഗികള്‍ക്കൊപ്പം ബന്ധുക്കളുമുണ്ടാകും. അതിനാല്‍, നഴ്സുമാര്‍ നഴ്സിങ് സ്റ്റേഷനിലേക്ക് ബന്ധുക്കളെ വിളിച്ചുവരുത്തി മരുന്നുകള്‍ അവരുടെ കൈയില്‍ കൊടുത്തയക്കുകയാണ് ചെയ്യുന്നത്. വീട്ടുകാരെ അനുസരിക്കാത്തതിനാലാണ് രോഗികളെ ആശുപത്രിയിലാക്കിയിരിക്കുന്നത്. ആ വീട്ടുകാര്‍തന്നെ മരുന്ന് കൊടുക്കുമ്പോള്‍ രോഗികള്‍ കഴിക്കാന്‍ കൂട്ടാക്കുകയില്ല. മരുന്ന് കഴിക്കുകയില്ലെന്നു മാത്രമല്ല, മരുന്നു കൊടുക്കുമ്പോള്‍ വീട്ടുകാരെ ഉപദ്രവിക്കാനും ശ്രമിക്കുന്നു. ഇവര്‍ ആശുപത്രി ജീവനക്കാരെയാണ് കുറച്ചെങ്കിലും അനുസരിക്കുന്നത്. അങ്ങനെയുള്ളപ്പോഴാണ് ജീവനക്കാര്‍ മരുന്ന് വീട്ടുകാരുടെ കൈയില്‍ കൊടുത്തുവിടുന്നത്. രോഗികള്‍ മരുന്ന് കഴിച്ചോ എന്ന് അവര്‍ അന്വേഷിക്കുന്നുമില്ല. ഇതുമൂലം ആശുപത്രിയില്‍ വന്നതിന്‍െറ ഗുണം രോഗികള്‍ക്ക് ലഭിക്കുന്നില്ല. പരിശീലനം സിദ്ധിച്ച ജീവനക്കാരാണെങ്കില്‍ രോഗികളെ പരിചരിക്കേണ്ടതെങ്ങനെയെന്നും മരുന്നു നല്‍കേണ്ട വിധവുമെല്ലാം മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജീവനക്കാര്‍ക്ക് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേക പരിശീലനം ആവശ്യമാണെന്നും അതില്ലാത്തതിന്‍െറ പ്രശ്നം ഇവര്‍ക്കിടയിലുണ്ടെന്നും സൂപ്രണ്ട് ഡോ. എസ്.എന്‍. രവികുമാര്‍ സമ്മതിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.