പുനരുദ്ധാരണ പാക്കേജ് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ ഫാക്ട്

കൊച്ചി: പുനരുദ്ധാരണ പാക്കേജ് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ ഫാക്ട് (എഫ്.എ.സി.ടി). ഫാക്ടിന്‍െറ പുനരുദ്ധാരണ പാക്കേജ് കേന്ദ്ര സര്‍ക്കാറിന്‍െറ സജീവ പരിഗണനയിലാണെന്ന കേന്ദ്ര രാസവളം- കീടനാശിനി വകുപ്പ് മന്ത്രി അനന്ത്കുമാറിന്‍െറ പ്രഖ്യാപനത്തിന് കൂടുതല്‍ കരുത്തായി കഴിഞ്ഞദിവസം അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ ഉറപ്പും കൂടി കിട്ടിയതാണ് ആ പ്രതീക്ഷകള്‍ക്ക് കരുത്താകുന്നത്. നവീകരണ പാക്കേജിനായി 990 കോടി അനുവദിക്കുന്ന കാര്യം സജീവമായി പരിഗണിക്കാമെന്ന ഉറപ്പാണ് മന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഫാക്ട് മാനേജ്മെന്‍റും തൊഴിലാളികളും പ്രതീക്ഷയോടെയാണ് ഇക്കാര്യങ്ങള്‍ കാണുന്നതും. ദിവസങ്ങള്‍ക്കു മുമ്പ് കേന്ദ്രമന്ത്രി ഫാക്ട് സന്ദര്‍ശിച്ചിരുന്നു. അതിന്‍െറ തുടര്‍ച്ചയെന്നോണമാണ് മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള ഉറപ്പ്. സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് ഫാക്ടിന്‍െറ പുനരുദ്ധാരണത്തിനായി രൂപരേഖ തയാറാക്കുമെന്നുള്ള ഉറപ്പാണ് മന്ത്രി ഫാക്ടറി സന്ദര്‍ശനവേളയില്‍ നല്‍കിയത്. ഫാക്ടിന്‍െറ പുനരുദ്ധാരണത്തിനും മറ്റുമായി 991.9 കോടി രൂപയുടെ സഹായം ലഭ്യമാക്കണമെന്ന ആവശ്യമാണ് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി മുന്നോട്ട് വെച്ചത്. അതിനുപുറമെ ഫാക്ടിന്‍െറ വികസനത്തിനായുള്ള ഭൂമി ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമുണ്ട്. വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും പാരിസ്ഥിതികാനുമതി ലഭിക്കാത്ത രണ്ടുകാര്യങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ പരിഹരിക്കുമെന്ന ഉറപ്പാണ് മന്ത്രി നല്‍കിയത്. അമോണിയയുടെ സംഭരണം, വിതരണം,പ്രകൃതിവാതകത്തിന്‍െറ വാറ്റ് നിരക്ക് കുറക്കുന്നത് അങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഫാക്ടുമായി ബന്ധപ്പെട്ടുള്ളത്. നികുതി ഇളവ്, ഫാക്ടിന്‍െറ വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളേണ്ട മറ്റു നിര്‍ണായകമായ വിഷയങ്ങളും ഇതില്‍ ഉള്‍പ്പെടും. ഈ ഉറപ്പുകളൈാക്കെയുണ്ടെങ്കിലും അത് എന്ന് പാലിക്കപ്പെടുമെന്ന ആശങ്കയും വിട്ടൊഴിയുന്നില്ല. എന്തായാലും ഫാക്ടിന്‍െറ പ്രവര്‍ത്തനച്ചെലവ് കുറക്കുകയല്ലാതെ ഇനി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നാണ് പൊതുവിലുള്ള അഭിപ്രായം. വര്‍ഷങ്ങളായി നാഫ്തയും വിലയേറിയ എല്‍.എന്‍.ജിയും ഉപയോഗിച്ചാണ് പ്ളാന്‍റ് പ്രവര്‍ത്തിക്കുന്നത്. ഇതു പ്രകൃതി വാതകം ഉപയോഗിക്കുന്നതിനേക്കാള്‍ അഞ്ചും ആറും ഇരട്ടി കൂടുതലാണെന്നാണ് വിലയിരുത്തല്‍. ഇതാണ് ഫാക്ടറി നഷ്ടത്തിന്പോകാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഉല്‍പാദനച്ചെലവ് വര്‍ധിക്കുന്നതും അസംസ്കൃത വസ്തുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി കുറഞ്ഞതും കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നതാണ് മറ്റൊരു കാര്യം. അടിയന്തരമായ കേന്ദ്രസഹായംലഭിച്ചാല്‍ മാത്രമേ ഫാക്ടറി രക്ഷപ്പെടുകയുള്ളൂയെന്ന നിലപാടിലാണ് മാനേജ്മെന്‍റും തൊഴിലാളികളും. ഒരുവട്ടം സാമ്പത്തിക സഹായമായി 250 കോടിയും പലിശരഹിത വായ്പയായി 300 കോടിയും 441.9 കോടി വായ്പയും പലിശയും ഒഴിവാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമാണ് കേന്ദ്രസര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചത്. രാസവളം ഇറക്കുമതി ചെയ്യുന്നത് ഫാക്ട് പോലുള്ള കമ്പനികളെ പ്രതിസന്ധിയിലേക്കു നയിക്കുന്നുണ്ട്. അതിനാല്‍ രാസവള ഇറക്കുമതി ഉപേക്ഷിക്കണമെന്ന ആവശ്യവും ഫാക്ട് തൊഴിലാളികളും മാനേജ്മെന്‍റും മുന്നോട്ടു വെക്കുന്നുണ്ട്. 2003 വരെ യൂറിയ ഉല്‍പാദിപ്പിച്ചിരുന്ന ഫാക്ടില്‍ മാറിവന്ന സര്‍ക്കാര്‍ നയപ്രകാരം അതു നിര്‍ത്തേണ്ടിവന്നു. എന്നാല്‍, ഇപ്പോള്‍ യൂറിയ ഇറക്കുമതിയിലൂടെ സര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നത്. ആ സാഹചര്യത്തില്‍ യൂറിയ പദ്ധതിക്ക് അനുമതി നല്‍കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്. അതിന് പുറമെ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയുന്ന മറ്റു ചില പദ്ധതികള്‍ കൂടി ഫാക്ടില്‍ നടപ്പാക്കണമെന്ന ആവശ്യവും ശക്തമായുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.