റോയല്‍ ചിറ്റ്സ് ഉടമ പൊലീസ് കസ്റ്റഡിയില്‍

ഹരിപ്പാട്: കോടിക്കണക്കിന് രൂപയുടെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ റോയല്‍ ചിറ്റ്സ് ഉടമ അമ്പലപ്പുഴ കരൂര്‍ നിത്യാനിവാസില്‍ അനില്‍കുമാറിനെ (34) പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അമ്പലപ്പുഴയിലും കാര്‍ത്തികപ്പള്ളിയിലും തെളിവെടുപ്പ് നടത്തി. കാര്‍ത്തികപ്പള്ളിയില്‍ മാത്രം 25 ലക്ഷത്തിന്‍െറ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. 110ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഒമ്പത് ശാഖകളാണ് സ്ഥാപനത്തിനുള്ളത്. ഇവിടെയെല്ലാം കൂടി നടത്തിയ തട്ടിപ്പ് രണ്ടുകോടിയോളം വരും. ചിട്ടി സ്ഥാപനം നടത്തുന്നതിനുള്ള സബ് രജിസ്ട്രാര്‍ ഓഫിസ് സര്‍ട്ടിഫിക്കറ്റ്, കമ്പനീസ് ആക്ട് പ്രകാരമുള്ള ഇന്‍-കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയൊന്നുമില്ലാതെയാണ് മുഴുവന്‍ ശാഖകളും പ്രവര്‍ത്തിച്ചിരുന്നത്. അന്വേഷണത്തിന്‍െറ ഭാഗമായി ഇയാളുടെ അമ്പലപ്പുഴയിലെ വീട്ടിലും ബന്ധു വീടുകളിലും റെയ്ഡ് നടത്തും. ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് മരവിപ്പിക്കും. ഹെഡ് ഓഫിസില്‍നിന്ന് പാസ്പോര്‍ട്ട്, ഇടപാടുകാരുടെ ചെക്കുകള്‍, ചിട്ടിയുമായി ബന്ധപ്പെട്ട മറ്റ് രേഖകള്‍ എന്നിവ കണ്ടെടുത്തു. മറ്റ് ശാഖകളിലെ കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനില്‍കുമാര്‍ കോടതിയില്‍ കീഴടങ്ങിയത്. ചിട്ടി കാലാവധി കഴിഞ്ഞിട്ടും തുക ലഭിക്കാത്തതിനെ തുടര്‍ന്ന് മുതുകുളം മൂന്നാംവാര്‍ഡ് താപ്പള്ളി കിഴക്കതില്‍ ഷേര്‍ലി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.