ചേര്‍ത്തല: ചേര്‍ത്തലയില്‍ പൊലീസ് പ്രവര്‍ത്തനം താളംതെറ്റുന്നു. മോഷണങ്ങളും കവര്‍ച്ചക്കേസുകളും തെളിയിക്കപ്പെടുന്നില്ല. പൊലീസ് പ്രവര്‍ത്തനങ്ങളില്‍ പരക്കെ ആക്ഷേപമുയരുന്നു. ബ്ളേഡ് മാഫിയകള്‍ക്കെതിരെയുള്ള നടപടികളിലെ പോരായ്മകള്‍ പൊലീസിനെതിരെയുള്ള ആക്ഷേപം ശക്തമാക്കിയിരിക്കുകയാണ്. നഗരത്തില്‍ രാത്രി ബൈക്കില്‍ യാത്ര ചെയ്ത കുടുംബത്തെ തടഞ്ഞുനിര്‍ത്തി കവര്‍ച്ച ചെയ്യുവാന്‍ ശ്രമിച്ച പ്രതിയുടെ പേരുവിവരങ്ങള്‍ നല്‍കിയിട്ടും പ്രതിയെ പിടികൂടുവാനോ കേസ് രജിസ്റ്റര്‍ ചെയ്യുവാനോ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ജൂണ്‍ 29ന് രാത്രി 11 മണിയോടെയാണ് ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് അടുത്ത് മൂന്നാങ്കര കലിങ്കിന് സമീപംവെച്ച് ഡോക്ടറെ കണ്ടതിന് ശേഷം ബൈക്കില്‍ മടങ്ങുകയായിരുന്ന നഗരസഭ പതിനാലാം വാര്‍ഡ് കുന്നേല്‍ രാജേഷിനെയും കുടുംബത്തെയും തടഞ്ഞുനിര്‍ത്തി മാലയും പണവും കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍, രാജേഷിന് പ്രതിയെ മനസ്സിലായതുകൊണ്ട് പേരുവിളിച്ചപ്പോള്‍ ഇയാള്‍ രക്ഷപ്പെടുകയാണുണ്ടായത്. പ്രതിയുടെ പേരും വിലാസവും സഹിതം ഉടന്‍തന്നെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഇതുവരെ പ്രതിയെ പിടികൂടുവാനോ കേസ് രജിസ്റ്റര്‍ ചെയ്യുവാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഒരാഴ്ച്ച മുമ്പാണ് വെള്ളിയാകുളത്തിന് സമീപംവെച്ച് കാല്‍നടക്കാരിയായ വീട്ടമ്മയുടെ മാല കവര്‍ച്ച ചെയ്യുവാന്‍ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ ശ്രമിച്ചത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തണ്ണീര്‍മുക്കം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ വീട്ടില്‍ മോഷണം നടന്നത്. ഏകദേശം ഒരു മാസം മുമ്പ് പൊലീസ് സ്റ്റേഷന് സമീപത്തെ വസതിയില്‍ ആളില്ലാത്ത സമയത്ത് മോഷ്ടാക്കള്‍ കയറി ഇരുപത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 10,000 രൂപയും കവര്‍ച്ചചെയ്യുകയുണ്ടായി. എന്നാല്‍, ഈ കേസുകളിലൊന്നും ഒരു തുമ്പും കണ്ടെത്തുവാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഓപറേഷന്‍ കുബേരയുടെ പേരില്‍ ചേര്‍ത്തലയില്‍ ബ്ളേഡ് മാഫിയകള്‍ക്കെതിരെയുള്ള നടപടികളിലെ പോരായ്മകള്‍ സംബന്ധിച്ചും പരക്കെ ആക്ഷേപമാണുള്ളത്. ഓപറേഷന്‍ കുബേരയുടെ പേരില്‍ നടക്കുന്ന റെയ്ഡുകള്‍ സംബന്ധിച്ച് മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കുന്നു എന്നുള്ള പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്. സ്റ്റേഷനില്‍ ജനമൈത്രിക്ക് നിര്‍മിച്ചിട്ടുള്ള കെട്ടിടത്തില്‍ ബ്ളേഡ് മാഫിയകളില്‍പെട്ടവരുമായി ചര്‍ച്ച നടത്തിയതിന്‍െറ പേരില്‍ കഴിഞ്ഞ ബുധനാഴ്ച എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. രണ്ടാഴ്ച മുമ്പ് താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐയും മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന്‍െറ പേരില്‍ സസ്പെന്‍ഷന്‍ നേരിടുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.