കൊല്ലത്ത് അവിശ്വാസം പരാജയപ്പെട്ടു; പ്രസന്ന ഏണസ്റ്റ് മേയറായി തുടരും

കൊല്ലം: കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. പി.ഡി.പി കൗണ്‍സിലര്‍ എം. കമാലുദ്ദീന്‍ യോഗത്തിനെത്തിയില്ല. 27 അംഗങ്ങളുള്ള എല്‍.ഡി.എഫ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. യു.ഡി.എഫിലെ 27 അംഗങ്ങളും അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ആര്‍.എസ്.പിക്കാരനായ ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതിന് പിന്നാലെ മേയര്‍ക്കെതിരായ അവിശ്വാസം തള്ളുകയും ചെയ്തതോടെ ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തോടെ കോര്‍പറേഷന്‍ ഭരണത്തിലുണ്ടായ അനിശ്ചിതത്വം നീങ്ങിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെ 10ഓടെ കലക്ടര്‍ പ്രണബ് ജ്യോതിനാഥിന്‍െറ അധ്യക്ഷതയിലാണ് നടപടികള്‍ ആരംഭിച്ചത്. 55 അംഗ കൗണ്‍സിലില്‍ പി.ഡി.പി അംഗം എം. കമാലുദ്ദീന്‍ വിട്ടുനിന്നതോടെ ഇരുപക്ഷത്തും 27-27 എന്ന നിലയിലായി അംഗബലം. തുടര്‍ന്ന് അവിശ്വാസത്തിന്മേല്‍ നാലു മണിക്കൂര്‍ ചര്‍ച്ച നടന്നു. അഴിമതിയും കെടുകാര്യസ്ഥതയുമെന്ന പ്രമേയത്തിലെ പരാമര്‍ശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാശിയേറിയ ചര്‍ച്ചയാണ് നടന്നത്. ആര്‍.എസ്.പിയുടെ മുന്നണിമാറ്റവുമായി ബന്ധപ്പെട്ട് ആരോപണപ്രത്യാരോപണങ്ങളും ഉയര്‍ന്നു. ഉച്ചക്ക് 2.10 വരെ നീണ്ട ചര്‍ച്ചക്കുശേഷം 2.15ഓടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. യു.ഡി.എഫിലെ അല്‍ഫോണ്‍സ് ആണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ന്ന് എല്‍.ഡി.എഫ് പ്രതിനിധികളുടെ പേര് വിളിച്ചെങ്കിലും വോട്ട് ചെയ്യുന്നില്ലെന്ന് വരണാധികാരിയെ അറിയിക്കുകയായിരുന്നു. അവിശ്വാസം പാസാകാന്‍ 28 വോട്ട് വേണമെന്നിരിക്കെ പി.ഡി.പി കൗണ്‍സിലറുടെ അസാന്നിധ്യവും എല്‍.ഡി.എഫിന്‍െറ വിട്ടുനില്‍ക്കലുംകൂടിയായതോടെ യു.ഡി.എഫ് ഏറക്കുറെ പരാജയം ഉറപ്പിച്ചിരുന്നു. അതേസമയം, യു.ഡി.എഫ് വോട്ടുകളില്‍ ഏതെങ്കിലും അസാധുവോ പ്രമേയത്തിനെതിരോ ആകുന്നുണ്ടോ എന്നതായിരുന്നു തുടര്‍ന്നുള്ള ആകാംക്ഷ. ഫലപ്രഖ്യാപനത്തെ മുദ്രാവാക്യംവിളികളോടെയാണ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്. പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നെങ്കിലും അവിശ്വാസത്തെ മറികടക്കാനായതിന്‍െറ ആശ്വാസത്തിലാണ് എല്‍.ഡി.എഫ്. കൗണ്‍സില്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിനെതിരെ തുറന്നടിക്കാറുള്ള സി.പി.ഐ പ്രതിനിധികളും പതര്‍ച്ചയില്ലാതെ മേയര്‍ക്കൊപ്പം അണിനിരന്നു. എന്നാല്‍, മറു ചേരിയിലാകട്ടെ നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ പലപ്പോഴും ആത്മവിമര്‍ശപരമായ പരാമര്‍ശങ്ങളും ചെറിയ നീരസങ്ങളും പ്രകടമായിരുന്നു. ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തോടെ ഇരുപക്ഷത്തെയും അംഗബലം 27 ആയതാണ് അവിശ്വാസത്തിലേക്ക് വഴിതുറന്നത്. ഒരംഗം മാത്രമുള്ള പി.ഡി.പി ഇതോടെ നിര്‍ണായകമായി. ആദ്യ ഘട്ടത്തില്‍ പി.ഡി.പിയെ ഒപ്പം കൂട്ടാന്‍ ഇരു കക്ഷികളും മത്സരിച്ചിരുന്നെങ്കിലും യു.ഡി.എഫിനോടായിരുന്നു പി.ഡി.പിക്ക് താല്‍പര്യം. ഇക്കാര്യം പി.ഡി.പി കൗണ്‍സിലര്‍ തന്നെ പല വേദികളിലും വ്യക്തമാക്കുകയും ചെയ്തു. ഒരുവേള ഇടതുഭരണം അവസാനിപ്പിക്കാന്‍ താന്‍ ഒപ്പമുണ്ടെന്നുവരെ കമാലുദ്ദീന്‍ യു.ഡി.എഫിനെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍, പി.ഡി.പിയായതുകൊണ്ട് അവരുടെ സോപാധിക പിന്തുണ വാങ്ങേണ്ടതില്ലെന്ന പരസ്യനിലപാട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു. ഇതിലുള്ള പ്രതിഷേധവും മറുപടിയുമാണ് അവസാനംവരെ ഒപ്പമുണ്ടെന്ന് തോന്നിപ്പിച്ചശേഷം വോട്ടെടുപ്പ് ഘട്ടത്തില്‍ എല്‍.ഡി.എഫിന് അനുകൂലമായ നിലപാടെടുത്തതുവഴി പി.ഡി.പി കൗണ്‍സിലര്‍ നല്‍കിയത്. ഡെപ്യൂട്ടി മേയര്‍ക്കെതിരായ അവിശ്വാസം ചര്‍ച്ചചെയ്യുന്ന ഘട്ടത്തില്‍ മാത്രമാണ് യു.ഡി.എഫിന് ഇത് ബോധ്യപ്പെട്ടത്. ഘടകകക്ഷികളുടെ പിണക്കങ്ങള്‍ പരിഹരിക്കാനും അവരെ ഒപ്പംകൂട്ടാനും അവസാനം വരെ പരിശ്രമിച്ച യു.ഡി.എഫ് പക്ഷേ പി.ഡി.പിയെ വേണ്ടത്ര പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. എന്തായാലും, ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തോടെ യു.ഡി.എഫിന് കോര്‍പറേഷന്‍ ഭരണത്തിലുണ്ടായ മേല്‍ക്കൈ മേയര്‍ക്കെതിരായ അവിശ്വാസവും തള്ളിയതോടെ എങ്ങുമെത്താതെ അവസാനിച്ചിരിക്കുകയാണ്. ഇനി തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ കൈയടക്കാനാകും യു.ഡി.എഫിന്‍െറ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.