തരൂരിന് എം.പിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് ബി.ജെ.പി

തിരുവനന്തപുരം: ഭാര്യയുടെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഡോ. ശശി തരൂരിന് ഒരു നിമിഷംപോലും എം.പി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ. എസ്. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുനന്ദപുഷ്കറിന്‍െറ മരണത്തില്‍ തരൂരിന് പങ്കുണ്ടെന്ന് ബി.ജെ.പി ആദ്യം മുതല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അത് ശരിവെക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരികയാണ്. പാര്‍ട്ടി ആവശ്യപ്പെടുന്നതുവരെ കാത്തുനില്‍ക്കാതെ സ്വയം രാജിവെച്ചൊഴിയാനുള്ള മാന്യത അദ്ദേഹം കാട്ടണം. ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് (എയിംസ്) കാമ്പസ് തിരുവനന്തപുരത്ത് ആരംഭിക്കാന്‍ സ്ഥലം കണ്ടെത്തി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാറും തലസ്ഥാനത്തെ എം.പിമാരും മൗനം ഭജിക്കുകയാണ്. ബി.ജെ.പി രൂപവത്കരിച്ച അനന്തപുരി സമഗ്രവികസന സമിതി ജില്ലയില്‍ മൂന്നിടത്ത് 200 ഏക്കറിന് മുകളില്‍ സ്ഥലം കണ്ടെത്തി. വിശദമായ മാപ്പ് സഹിതം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനെ കണ്ടിട്ടും ഫലമുണ്ടായില്ല. മംഗലപുരത്തെ വേലൂര്‍ വില്ലേജ് (250 ഏക്കര്‍), ചിറയിന്‍കീഴിലെ മണമ്പൂര്‍ (200 ഏക്കര്‍), ശ്രീകാര്യം കിഴങ്ങുഗവേഷണ കേന്ദ്രം (200 ഏക്കര്‍) എന്നിവിടങ്ങളിലാണ് സ്ഥലം കണ്ടെത്തിയത്. എന്നാല്‍, സര്‍ക്കാറിന് എയിംസ് കൊണ്ടുവരാന്‍ താല്‍പര്യമില്ല. ഇക്കാര്യത്തില്‍ കോട്ടയത്തെയും മലപ്പുറത്തെയും മതമേലധ്യക്ഷന്മാരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. തലസ്ഥാനത്ത് എയിംസ് ആരംഭിക്കാന്‍ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനനെ കാണും. നഗരസഭാ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ പി. അശോക്കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.