പെരുമണ്ണ ഇ.എം.എസ് സ്കൂളില്‍ അധ്യാപകരെ നിയമിക്കാന്‍ ഡി.ഡി ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പു സമരം

പന്തീരാങ്കാവ്: ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതെ പെരുമണ്ണ ഇ.എം.എസ് ഗവ. ഹൈസ്കൂളിനോടുള്ള വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിനു മുന്നില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും പി.ടി.എ ഭാരവാഹികളും കുത്തിയിരിപ്പു സമരം നടത്തി. 2008ല്‍ തുടങ്ങിയ സ്കൂളില്‍ ആവശ്യത്തിന് അധ്യാപക-അനധ്യാപക നിയമനങ്ങള്‍ നടക്കാത്തതിനാല്‍ ദിവസവേതനത്തിന് അധ്യാപകരെ നിയമിച്ചാണ് അധ്യയനം പൂര്‍ത്തിയാക്കുന്നത്. ഉള്ളവരെത്തന്നെ മറ്റിടങ്ങളിലേക്ക് മാറ്റാന്‍ പലതവണ നടന്ന ശ്രമങ്ങള്‍ രക്ഷിതാക്കള്‍ തടയുകയായിരുന്നു. 12 ഡിവിഷനുകളിലായി 19 അധ്യാപകരെയും മറ്റ് അനധ്യാപക ജീവനക്കാരെയും വേണ്ടിടത്ത് 13 തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. 500ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുണ്ട്. ആവശ്യത്തിന് അധ്യാപകരെ നിയമിക്കണമെന്ന ഗ്രാമപഞ്ചായത്ത് അധികൃതരുടെ അപേക്ഷയില്‍ കഴിഞ്ഞ മാസം നാലു പേരെ ഈ സ്കൂളിലേക്ക് മാറ്റി നിയമിച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇവരിലൊരാള്‍ മാത്രമാണ് സ്കൂളില്‍ ഹാജരായത്. ഉള്ളവരില്‍നിന്ന് മൂന്നു പേരെ മാറ്റാന്‍ ശ്രമം നടക്കുന്നുമുണ്ട്. മാത്രമല്ല, 2010ല്‍ തുടങ്ങിയ ആദ്യ ബാച്ച് മുതലുള്ള എസ്.എസ്.എല്‍.സി ഡിവിഷനുകള്‍ക്ക് ഇതുവരെ അംഗീകാരം ലഭിച്ചിട്ടുമില്ല. പ്രശ്നം വകുപ്പുമന്ത്രി ഉള്‍പ്പെടെ ഉന്നതവിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയില്‍ പലതവണ പെടുത്തിയിട്ടും പരിഹാരത്തിന് നടപടികളൊന്നുമെടുക്കാത്തതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിനു മുന്നില്‍ സമരം ചെയ്തത്. സമരത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. അഹമ്മദ്, വൈസ് പ്രസിഡന്‍റ് ഉഷാ നാരായണന്‍, ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്മാരായ ടി. സൈതുട്ടി, ബീനാ കോട്ടായി, എം. സമീറ, എ.പി. പീതാംബരന്‍, പി.ടി.എ പ്രസിഡന്‍റ് വി.പി. കബീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കസബ എസ്.ഐ സുനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വ്യാഴാഴ്ച മൂന്ന് അധ്യാപകരെക്കൂടി നിയമിക്കാനും മുമ്പ് നിയമനം നടത്തിയിട്ടും സ്കൂളില്‍ ഹാജരാവാത്തവര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.