തിരുവനന്തപുരം: കൊച്ചിയിൽ ചെലവന്നൂ൪ കായൽ കൈയേറി ഡി.എൽ.എഫ് നി൪മിച്ച ഫ്ളാറ്റ് സമുച്ചയത്തിന് പരിസ്ഥിതി അനുമതി നൽകിയതുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ മൂന്നംഗ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സ൪ക്കാ൪ തീരുമാനിച്ചു. ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണിൻെറ അന്വേഷണ റിപ്പോ൪ട്ട് പ്രകാരമാണ് നടപടി.
മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ റിപ്പോ൪ട്ട് നിയമസഭയിൽ സമ൪പ്പിച്ചു. ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോ൪ട്ട് ചോ൪ന്നതിനെക്കുറിച്ച് മറ്റൊരു അന്വേഷണം നടത്താനും സ൪ക്കാ൪ തീരുമാനിച്ചു. കേരള സ൪വകലാശാല ഫിഷറീസ് വിഭാഗം മേധാവി ഡോ. പത്മകുമാ൪, കൊച്ചി ശാസ്ത്ര സാങ്കേതിക സ൪വകലാശാലയിലെ ഡോ. രാമചന്ദ്രൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ പ്രിൻസിപ്പൽ സയൻറിഫിക് ഓഫിസ൪ ഡോ. കമലാക്ഷൻ കൊക്കൽ എന്നിവരാണ് അന്വേഷിക്കുക.
നേരത്തേ ഇവരെക്കൊണ്ട് അന്വേഷിപ്പിക്കാൻ തീരദേശ പരിപാലന അതോറിറ്റി തീരുമാനിച്ചുവെങ്കിലും അത് പിൻവലിച്ചാണ് അനുമതി നൽകിയത്. അതോറിറ്റി നേരത്തേ നിശ്ചയിച്ച അതേ സമിതിയെക്കൊണ്ട് അന്വേഷണം നടത്താനാണ് തീരുമാനിച്ചതെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.15 ദിവസത്തിനകം റിപ്പോ൪ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി നൽകിയ റിപ്പോ൪ട്ടിൻെറ വിശദാംശങ്ങൾ നൽകാൻ മന്ത്രി തയാറായില്ല.
എന്നാൽ, എൻവയൺമെൻറ് ഇംപാക്ട് അതോറിറ്റി മെംബ൪ സെക്രട്ടറി, അപ്രൈസൽ കമ്മിറ്റി മെംബ൪ സെക്രട്ടറി, തീരദേശ പരിപാലന അതോറിറ്റി ചെയ൪മാൻ എന്നിവ൪ക്കെതിരെ റിപ്പോ൪ട്ടിൽ പരാമ൪ശമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇവരുടെ പേരുകൾ മന്ത്രി പറഞ്ഞില്ല. ഇവ൪ക്കെതിരെ അന്വേഷണവും നടപടിയും എടുക്കുമോ എന്ന് ചോദിച്ചപ്പോൾ സമിതി അന്വേഷണ റിപ്പോ൪ട്ട് വരട്ടെയെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
ചീഫ് സെക്രട്ടറിയുടെ റിപ്പോ൪ട്ടിൽ ആരോപണവിധേയനായ തീരദേശ അതോറിറ്റിയുടെ ചെയ൪മാൻ നിയോഗിച്ച സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത് ശരിയോ എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ ഈ സമിതിയെ ഒഴിവാക്കിയെന്നല്ളേ ആരോപണം വന്നതെന്നും അതിനാൽ അതേ സമിതി തന്നെ അന്വേഷിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
2009നുശേഷം നിയമവിരുദ്ധമായി കായൽ കൈയേറിയെന്ന് സെസിൻെറ പഠനത്തിൽ കണ്ടത്തെിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ട൪ ശ്രീകണ്ഠൻ നായ൪ ഡെപ്യൂട്ടേഷൻ അവസാനിച്ചതിനാൽ മലിനീകരണ നിയന്ത്രണ ബോ൪ഡിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്താണ് കാലാവധി അവസാനിച്ചത്. കമീഷൻെറ അനുമതി വേണ്ടിവരുമെന്നതിനാലാണ് അതിനുശേഷം തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.