സൂപ്രണ്ടിനെ യുവജന സംഘടനകള്‍ ഉപരോധിച്ചു; തീരുമാനം മരവിപ്പിച്ചു

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിന് ഫീസ് പിരിക്കാനുള്ള തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. തുടര്‍ന്ന് തീരുമാനം താല്‍കാലികമായി മരവിപ്പിച്ചതായി സൂപ്രണ്ട് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് ഉപരോധസമരം നടന്നത്. സൂപ്രണ്ട് ഡോ. റ്റിജി തോമസ് ജേക്കബ് സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തി തീരുമാനം താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് വിവിധ സംഘടനാ നേതാക്കളുമായി ആലോചിച്ച് ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ ഉപരോധസമരം ജില്ലാ ജോയന്‍റ് സെക്രട്ടറി ടി.എം. സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. ശ്രീമോന്‍, മനോജ് എം. നായര്‍, രാജേഷ് ദേവസ്യ, ജയ്മോന്‍ രാജന്‍, വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ചയുടെ സമരം ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാവ് ഹരി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് വിപിന്‍ലാല്‍, എസ്. രതീഷ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ 21ന് കലക്ടര്‍ അജിത്കുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗമാണ് വാഹന പാര്‍ക്കിങ് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചത്. അത്യാഹിത വിഭാഗത്തില്‍ രോഗികളുമായി എത്തുന്നവയൊഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും പാര്‍ക്കിങ്ഫീസ് ഈടാക്കാനായിരുന്നു തീരുമാനം. ഡോക്ടര്‍മാര്‍, ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ എന്നിവ ഒഴിച്ചുള്ളവക്കാണ് തീരുമാനം ബാധകം. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. വികസനസമിതിയുടെ കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതന വര്‍ധന നടപ്പാക്കാനാണ് ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതെന്നാണ് പറഞ്ഞിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.