മലപ്പുറം: നിലമ്പൂരില്‍നിന്ന് തമിഴ്നാട് വഴി കര്‍ണാടകയിലെ നഞ്ചന്‍കോട്ടെത്തുന്ന നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത സാമ്പത്തികമായി ലാഭകരമാകുമെന്ന സര്‍വേ റിപ്പോര്‍ട്ട് മലപ്പുറത്തിന്‍െറ റെയില്‍വേ വികസനരംഗത്ത് കൂടുതല്‍ പ്രതീക്ഷയേകുന്നു. മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പാത സംബന്ധിച്ച് നരേന്ദ്രമോദി സര്‍ക്കാറിന്‍െറ ആദ്യ റെയില്‍ ബജറ്റില്‍ പ്രഖ്യാപനം വരുമോ എന്ന് ഉറ്റുനോക്കുകയാണ് ജില്ല. 2013 മേയില്‍ നടത്തിയ ഗതാഗത-സാമ്പത്തിക സര്‍വേയിലാണ് പാത ലാഭകരമാകുമെന്ന പരാമര്‍ശമുള്ളത്. പുതിയ പാതയുടെ വരവ് നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍പാതയുടെ മുഖഛായ മാറ്റും. ഈ പാതക്കായുള്ള മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1920കളില്‍ കൊച്ചി-ഷൊര്‍ണൂര്‍ റെയില്‍പാത ബ്രിട്ടീഷുകാര്‍ മീറ്റര്‍ ഗേജായി നിര്‍മിച്ച കാലത്തുതന്നെ നിലമ്പൂര്‍-ഷൊര്‍ണൂര്‍ ബ്രോഡ്ഗേജ് ആക്കി നിര്‍മിച്ചത് മൈസൂരിലേക്ക് നീട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു. കൊച്ചി-മൈസൂര്‍ പാതയിലൂടെ അതിവേഗ ചരക്കുനീക്കമായിരുന്നു ബ്രിട്ടീഷുകാര്‍ ലക്ഷ്യമിട്ടിരുന്നത്. നിലമ്പൂര്‍-നഞ്ചന്‍കോട് പാത സംബന്ധിച്ച് ഇപ്പോള്‍ വരുന്നത് നാലാമത്തെ സര്‍വേ റിപ്പോര്‍ട്ടാണ്. റെയില്‍വേ-എന്‍ജിനീയറിങ്-കം ട്രാഫിക് വിഭാഗം ആദ്യ സര്‍വേ 2001-02ല്‍ ആരംഭിച്ചു. നിലമ്പൂര്‍-വഴിക്കടവ്-വെള്ളാര്‍മല-വടുവച്ചാല്‍-അയ്യങ്കൊല്ലി-സുല്‍ത്താന്‍ബത്തേരി- മായിനഹള്ളി- ചിക്കബൈറേജ്- യശ്വന്ത്പുര്‍ റൂട്ടിലൂടെയുള്ള പാത നിര്‍മാണ റിപ്പോര്‍ട്ട് 2004 ഫെബ്രുവരിയില്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചതാണ്. 911 കോടി രൂപയാണ് ആദ്യ സര്‍വേയില്‍ നിര്‍മാണ ചെലവ് കണക്കാക്കിയത്. 2007ല്‍ വീണ്ടും സര്‍വേ ആരംഭിച്ചു. 2008ല്‍ റിപ്പോര്‍ട്ടും കൈമാറി. 1742.11 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. പിന്നീട് എസ്റ്റിമേറ്റ് പുതുക്കിനല്‍കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. തുടര്‍ന്ന് 2009 ഫെബ്രുവരിയില്‍ തയാറാക്കിയ പുതുക്കിയ റിപ്പോര്‍ട്ടില്‍ 263 കി.മീ നീളത്തില്‍ റെയില്‍പാത നിര്‍മിക്കാന്‍ 2338.84 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയത്. മൂന്ന് സര്‍വേയിലും പദ്ധതി ലാഭകരമല്ലെന്നും യാത്രക്കാരിലൂടെ മാത്രം ലാഭമുണ്ടാകില്ലെന്നും പറഞ്ഞാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കാതിരുന്നത്. പിന്നീടാണ് കഴിഞ്ഞവര്‍ഷം സര്‍വേ പുതുക്കി റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതില്‍ 4266.8 കോടി ചെലവ് വരുമെന്നാണ് കണക്കാക്കിയത്. 236 കി.മീ. നീളം വരുന്നതും വന്‍തുക ചെലവാകുന്നതുമായ പദ്ധതി റെയില്‍വേ ഒറ്റയടിക്ക് ഏറ്റെടുക്കാന്‍ സാധ്യത കുറവാണെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, 236 കി.മീ. ദൂരം മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാവുന്നതാണെന്നും പാത കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ സാമ്പത്തിക സഹായം തേടാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലമ്പൂരില്‍നിന്ന് കേരളാതിര്‍ത്തിയായ വഴിക്കടവ് വരെ ഒരുഘട്ടവും നഞ്ചന്‍കോട്ടുനിന്ന് വയനാട്ടിലേക്ക് മറ്റൊരു ഘട്ടവും വയനാടിനും വഴിക്കടവിനുമിടയില്‍ മറ്റൊരു ഘട്ടവും ഉള്‍പ്പെടെ മൂന്ന് ഘട്ടങ്ങളിലായി നിര്‍മാണം നടത്തുകയാകും ഗുണകരം. വനമേഖലയിലൂടെ കടന്നുപോകുന്ന ഭാഗങ്ങളില്‍ റെയില്‍ പാളങ്ങള്‍ തൂണുകളില്‍ ഉയര്‍ത്തി സ്ഥാപിച്ചാല്‍, ഈ ഭാഗങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്ര രണ്ടുതരത്തില്‍ ഗുണം ചെയ്യും. വന്യമൃഗങ്ങള്‍ക്ക് ശല്യമാകില്ലെന്നതും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാമെന്നുമാണിത്. ചരക്കുഗതാഗതം വഴി ലാഭകരമല്ലാതിരുന്നിട്ടും റെയില്‍വേയില്‍ സമ്മര്‍ദം ചെലുത്തി തൃശൂര്‍-ഗുരുവായൂര്‍ പാത നിര്‍മിക്കാന്‍ കാണിച്ച രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇനി നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ കാര്യത്തില്‍ വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.