കോന്നി ആനത്താവളത്തിലെ മീനയും ഈവയും വിരണ്ടു

കോന്നി: രാവിലെ കുളിപ്പിച്ച ശേഷം കോന്നി ആനത്താവളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ രണ്ട് ആനകള്‍ വിരണ്ടെങ്കിലും പാപ്പാന്മാരുടെ അവസരോചിത ഇടപെടലില്‍ അനിഷ്ട സംഭവങ്ങളില്‍നിന്ന് നാട് രക്ഷപ്പെട്ടു. ആന വിരണ്ട് ഓടുന്നത് കണ്ട് മറിഞ്ഞുവീണ ബൈക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 9.25 നാണ് മീന, ഈവ എന്നീ ആനകള്‍ ആനത്താവളത്തിന്‍െറ പ്രധാന കവാടത്തില്‍ എത്തിയപ്പോള്‍ വിരണ്ടത്. ആനകളെ ഇളകൊള്ളൂര്‍ ആനകടവില്‍ കുളിപ്പിച്ച ശേഷം തിരികെ വരുമ്പോഴായിരുന്നു സംഭവം. മുമ്പില്‍ മീനയും പിന്നില്‍ ഈവയുമായിരുന്നു. പ്രധാന കവാടത്തിനുസമീപം സ്വകാര്യ ബസ് തിരിച്ചത് കണ്ട് മുന്നില്‍ വന്ന മീന വിരണ്ട് പിന്നോട്ട് തിരിഞ്ഞു. ഡ്രൈവര്‍ അകാരണമായി ആക്സിലേറ്ററില്‍ കാല്‍ അമര്‍ത്തിയപ്പോഴുണ്ടായ ശബ്ദമാണ് മീന വിരളാന്‍ കാരണം. സമീപ റോഡില്‍ സ്ഥാപിച്ച കൊടിമരം ഒടിച്ചിട്ടത് പിറകെ വന്ന ഈവ എന്ന ആനക്കുട്ടിയുടെ ദേഹത്തേക്ക് ആയിരുന്നു. കൊടിമരം ഒടിഞ്ഞ് വീണതോടെ ഈവ വിരണ്ട് പിന്നിലേക്ക് ഓടി. ചിറക്കല്‍ ക്ഷേത്രത്തിന് സമീപം വരെ ആന ഓടി ഭയന്ന് തിരിഞ്ഞപ്പോള്‍ തൊട്ടുപിറകില്‍ ഉണ്ടായിരുന്ന ബൈക് യാത്രികര്‍ റോഡില്‍ വീണു. ആനകൂടിന് സമീപത്തെ സനോജ്, അജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോന്നി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രഥമശുശ്രൂഷ നല്‍കി. ട്യൂഷനും പള്ളിയിലേക്കും പോവുകയായിരുന്ന കുട്ടികള്‍ ആന വിരണ്ട് വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടു. ഓട്ടോകളും മറ്റു വാഹനങ്ങളില്‍ ഉണ്ടായിരുന്നവരും കാല്‍നടയാത്രക്കാരും പ്രാണഭയത്താല്‍ അടുത്ത പറമ്പുകളിലേക്ക് ഓടി. ആദ്യം വിരണ്ട മീനയെ പാപ്പാന്മാരായ കൃഷ്ണകുമാറും വിനോദും ചേര്‍ന്ന് ഉടന്‍ ആനത്താവളത്തിലേക്ക് കയറ്റി. പിന്നിലേക്ക് ഓടിയ ഈവയെ ആനത്താവളത്തിലെ മുതിര്‍ന്ന പാപ്പാന്‍ നാരായണനും അനില്‍കുമാറും ചേര്‍ന്നാണ് ശാന്തനാക്കിയത്. ക്ഷേത്രത്തിന് സമീപം അനുനയിപ്പിച്ച് ഇടപൂട്ടിയാണ് (മുന്‍കാലുകളില്‍ ചങ്ങല ഇട്ട്) ആനത്താവള കവാടം വരെ എത്തിച്ചത്. രാവിലെ റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. ആനകളെ കാണുമ്പോള്‍ വാഹനത്തിന്‍െറ ഹോണ്‍ മുഴക്കരുതെന്നും അകാരണമായി വാഹനം ഇരപ്പിക്കരുതെന്നുമുള്ള നിര്‍ദേശം പാലിക്കാന്‍ ഡ്രൈവര്‍മാര്‍ തയാറാകാത്തതാണ് അപകടം വിളിച്ചുവരുത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.