ചങ്ങനാശേരി: ഒരു കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറിലെ വാണിജ്യ മേഖലയുടെ നെടുംതൂണായിരുന്ന ചങ്ങനാശേരി മാര്‍ക്കറ്റിലെ ബോട്ട് ജെട്ടിയുടെ ഇന്നത്തെ അവസ്ഥ സങ്കടക്കാഴ്ചയാകുന്നു. അധികൃതരുടെ കണ്ണുകള്‍ ഈ ഭാഗത്തേക്ക് വേണ്ടത്ര എത്താഞ്ഞതിനാല്‍ ബോട്ട് ജെട്ടി നാശത്തിന്‍െറ പടുകുഴിയിലാണ്. അതോടൊപ്പം ആലപ്പുഴ-ചങ്ങനാശേരി ജലഗതാഗതവും. ബോട്ട് സര്‍വീസ് നടത്തുന്ന കനാലില്‍ മാസങ്ങള്‍ക്കുമുമ്പ് അടിഞ്ഞുകൂടിയ ആഫ്രിക്കന്‍ പോളയും മറ്റും യഥാസമയം നീക്കം ചെയ്യാഞ്ഞതുമൂലം അവ പൂര്‍ണമായും ബോട്ട് ജെട്ടിയിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി പോള യഥാസമയം നീക്കം ചെയ്യണമെന്ന് നാട്ടുകാരും യാത്രക്കാരും നിരന്തരം ആവശ്യപ്പെട്ടിരുന്നത് ആരും ചെവിക്കൊണ്ടില്ല. ജലവിഭവ വകുപ്പും നഗരസഭാ അധികൃതരും ബോട്ട് ജെട്ടി വൃത്തിയാക്കാനുള്ള പ്രാരംഭ നടപടി പോലും സ്വീകരിച്ചില്ല. വന്‍തോതില്‍ വളര്‍ന്ന് പൊങ്ങിയ പോള ഇനി നീക്കം ചെയ്യണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടിവരുമെന്നാണ് പറയുന്നത്. പായല്‍ തിങ്ങി നിറഞ്ഞതുമൂലം ആലപ്പുഴയിലേക്കുള്ള ബോട്ട് സര്‍വീസിനെയും കാര്യമായി ബാധിച്ചു. ജെട്ടിക്ക് സമീപം വന്‍തോതിലുള്ള മാലിന്യനിക്ഷേപവും ഇപ്പോള്‍ നടക്കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പ് നഗരത്തിലെ വ്യാപാരികളുടെ സഹകരണത്തോടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നഗരസഭ ജെട്ടിയില്‍ തറയോടുകള്‍ പാകി സൗന്ദര്യവത്കരണം നടത്തിയിരുന്നു. ഇവ പലതും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ജെട്ടിയുടെ നവീകരണത്തിലൂടെ വാണിജ്യ മേഖലയുടെ വികസനത്തിനു പുറമെ നഗരത്തിന്‍െറ ടൂറിസം മേഖലയുടെ പുരോഗതിയും സാധ്യമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചങ്ങനാശേരി-കുട്ടനാട്-ആലപ്പുഴ ജലപാത വികസനത്തിലൂടെ നിരവധി വിദേശ ടൂറിസ്റ്റുകളെ നഗരത്തിലെത്തിക്കാനും സാധിക്കും. എന്നാല്‍, ചങ്ങനാശേരി-ആലപ്പുഴ ജലപാതയിലെ കെ.സി പാലം ടൂറിസം മേഖലയുടെ വികസനത്തിന് പ്രധാന വിലങ്ങുതടിയായി നിലനില്‍ക്കുന്നു. പാലത്തിന്‍െറ ഉയരക്കുറവ് മൂലം ഹൗസ് ബോട്ടുകള്‍ക്കുള്‍പ്പെടെ ചങ്ങനാശേരിയിലേക്ക് എത്താന്‍ കഴിയാത്ത അവസ്ഥയാണ്. പാലം പൊളിച്ച് ഉയരം കൂട്ടി നിര്‍മിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് വര്‍ഷങ്ങളായി ആവശ്യം ഉയര്‍ന്നിരുന്നു. വലിയ ബോട്ടുകള്‍ക്ക് കടന്നുവരുന്നതിനായി പാലം പുനര്‍ നിര്‍മിക്കണമെന്ന് ഹൈകോടതിയുടെ നിര്‍ദേശം ഉണ്ടായിട്ടുപോലും അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയില്ല. ഇടക്ക് പാലം പുനര്‍ നിര്‍മിക്കാന്‍ നടപടിുണ്ടായെങ്കിലും പിന്നീട് പരാജയപ്പെടുകയായിരുന്നു. പഴയ പ്രതാപത്തിനായി നഗരത്തിന്‍െറ പ്രൗഢി വിളിച്ചോതുന്ന ബോട്ട് ജെട്ടിയും കനാലും എത്രയും വേഗം സംരക്ഷിക്കാന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.