ഗാന്ധിനഗര്‍: ഒ.പി ചീട്ട് വേസ്റ്റ് ബക്കറ്റില്‍ കണ്ടതിനെത്തുടര്‍ന്ന് സര്‍ജറി വിഭാഗത്തില്‍ ഡോക്ടറും രോഗിയുടെ ബന്ധുക്കളും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. ഞായറാഴ്ച രാവിലെ 8.30ന് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലാണ് സംഭവം. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ചികിത്സനിഷേധിച്ച രോഗിക്ക് സൂപ്രണ്ടിന്‍െറ ഇടപെടലിനെത്തുടര്‍ന്നാണ് ചികിത്സ ലഭിച്ചത്. പാമ്പാടി കുന്നത്തുമല സണ്ണിയുടെ മകന്‍ ഡാനിയുടെ (10) ഒ.പി ചീട്ടാണ് വേസ്റ്റ് ബക്കില്‍നിന്ന് കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചിന് വയറുവേദനയെത്തുടര്‍ന്നാണ് രോഗിയെ കൊണ്ടുവന്നത്. അത്യാഹിതവിഭാഗത്തില്‍ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപിച്ച ഡാനിയെ പ്രാഥമിക പരിശോധനക്ക് ശേഷം രക്തം, മൂത്രം പരിശോധനകള്‍ക്ക് നിര്‍ദേശിച്ചു. സ്വകാര്യ ലാബില്‍നിന്നുള്ള പരിശോധനഫലവുമായി എട്ടുമണിക്ക് ഡോക്ടറെ കണ്ടപ്പോഴാണ് ഒ.പി ചീട്ട് കാണിക്കാന്‍ ഡോക്ടര്‍ പറഞ്ഞത്. ചീട്ട് ഡോക്ടറുടെ മേശപ്പുറത്തുണ്ടായിരുന്നെന്നും ഡോക്ടര്‍ കുറിച്ചുതന്നപ്രകാരമാണ് പരിശോധനക്ക് പോയതെന്നും സണ്ണി പറഞ്ഞു. എന്നാല്‍, ചീട്ട് ഡോക്ടറുടെ മേശപ്പുറത്ത് കണ്ടില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ബക്കറ്റില്‍നിന്ന് ചുരുട്ടിക്കൂട്ടിയ നിലയില്‍ സണ്ണിയുടെ ഭാര്യ ഒ.പി ചീട്ട് കണ്ടെടുത്തത്. ഇതുസംബന്ധിച്ചാണ് ഡോക്ടറുമായി വാക്കേറ്റമുണ്ടായത്. ഇതേതുടര്‍ന്ന് തുടര്‍ ചികിത്സ പറ്റില്ലെന്നും കുട്ടികളുടെ ആശുപത്രിയില്‍ പോകാനും നിര്‍ദേശിച്ച് ഡോക്ടര്‍ ഇവരെ പറഞ്ഞുവിട്ടു. തുടര്‍ന്ന് ഇവര്‍ സൂപ്രണ്ടിനെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു. സൂപ്രണ്ടിന്‍െറ നിര്‍ദേശപ്രകാരം കുട്ടിയെ സര്‍ജറി വിഭാഗത്തിലെത്തിച്ച് തുടര്‍ ചികിത്സക്ക് ഡോക്ടര്‍മാര്‍ തയാറായെങ്കിലും മാതാപിതാക്കള്‍ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.