പെര്‍മിറ്റില്ലാത്ത ബസുകള്‍ യാത്രക്കാരെ പിഴിയുന്നു

പേരാവൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് എത്തുന്ന ഭക്തരെ പെര്‍മിറ്റില്ലാതെ എത്തുന്ന സ്വകാര്യ ബസുകള്‍ പിഴിയുന്നതായി പരാതി. ഉത്സവം പ്രമാണിച്ച് റൂട്ട് പെര്‍മിറ്റില്ലാത്ത നിരവധി ബസുകളാണ് എത്തുന്നത്. ജനങ്ങളെ കുത്തിനിറച്ച് പോകുന്ന ബസുകള്‍ സാധാരണ ഉള്ളതിനേക്കാള്‍ കൂടുതല്‍ ചാര്‍ജാണ് ഈടാക്കുന്നത്. കഴിഞ്ഞദിവസം കൊട്ടിയൂരില്‍നിന്ന് കണ്ണൂരിലേക്ക് പോയ സ്വകാര്യബസില്‍ 70 രൂപയാണ് ടിക്കറ്റ് ചാര്‍ജായി ഈടാക്കിയത്. ബസ് കേളകം കഴിഞ്ഞപ്പോള്‍ മഞ്ഞളാംപുറത്തുനിന്ന് വഴിമാറി കൊളക്കാട് വഴി നിടുംപൊയിലിലേക്ക് എളുപ്പവഴിയിലൂടെയാണ് പോയത്. യഥാര്‍ഥത്തില്‍ കൊട്ടിയൂരില്‍നിന്ന് കണ്ണൂരിലേക്ക് 54 രൂപയാണ്. എന്നാല്‍, കൊളക്കാട് വഴി നിടുംപൊയിലിലേക്ക് എളുപ്പവഴി പോകുമ്പോള്‍ ചുരുങ്ങിയത് ഏഴ് കിലോമീറ്റര്‍ ദൂരം കുറവുണ്ട്. എന്നിട്ടും 70 രൂപയാണ് ടിക്കറ്റ് ചാര്‍ജ് ഈടാക്കിയത്. എന്നാല്‍, യാത്രക്കാര്‍ക്ക് നല്‍കിയ ടിക്കറ്റില്‍ ബസിന്‍െറ നമ്പറോ ബസിനെ തിരിച്ചറിയാന്‍ പറ്റുന്ന യാതൊരുവിധ അടയാളമോ ഇല്ല. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഈ സ്വകാര്യ ബസിലെ കണ്ടക്ടറോട് ഈ റൂട്ടില്‍ പെര്‍മിറ്റ് ഉണ്ടോ എന്ന ചോദ്യത്തിന് 2000 രൂപ നല്‍കിയാണ് പെര്‍മിറ്റ് ലഭിച്ചതെന്നും അതുകൊണ്ടാണ് പ്രധാനമായും ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നുമാണ് മറുപടി ലഭിച്ചത്. എന്നാല്‍, ഈ വര്‍ഷം കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിന് സ്വകാര്യബസുകള്‍ക്ക് ഈ റൂട്ടില്‍ ഒരു പെര്‍മിറ്റ് പോലും നല്‍കിയിട്ടില്ല. പകരം കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഓടിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.