കളമശേരി: കൊച്ചി മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ സെന്‍റര്‍ യാഥാര്‍ഥ്യമാകുന്നതോടെ ആരോഗ്യരംഗത്തെ വളര്‍ച്ചയും തൊഴില്‍ മേഖലയിലെ വര്‍ധനയുംകൊണ്ട് കളമശേരി മെഡിസിറ്റിയായി മാറുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. കൊച്ചി മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ നഴ്സിങ് ബാച്ചിന്‍െറ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ നഴ്സിങ് മേഖലക്ക് ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും വലിയ അംഗീകാരമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. രോഗികളോട് നഴ്സുമാര്‍ എടുക്കുന്ന സമീപനമാണ് അംഗീകാരത്തിന് കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാനാണ് ഗവ. ഉദ്ദേശിക്കുന്നത്. ഇതിലൂടെ മെഡിക്കല്‍ മേഖലയില്‍ 1500 കോടിയാണ് സര്‍ക്കാര്‍ നിക്ഷേപിക്കാന്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളജില്‍ വളരെയധികം സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാറിന് ഉണ്ടാകാന്‍ പോകുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ നഴ്സിങ് സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജില്‍ നിര്‍മിക്കാന്‍ പോകുന്ന കാന്‍സര്‍ സെന്‍ററിന്‍െറ തറക്കല്ലിടല്‍ ആഗസ്റ്റില്‍ നടക്കും. 36 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസര്‍ ജുനൈദ് റഹ്മാന്‍, കുസാറ്റ് പ്രോ. വി.സി ഡോ. പൗലോസ് ജേക്കബ്, ഡോ. ഗീത, ഡോ. പി.ജി.ആര്‍. പിള്ള, കളമശേരി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കൗണ്‍സിലര്‍ ബാബുരാജ്, നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ തങ്കമണി ടി. അലക്സ്, വി.എന്‍. ലീലാമ്മ, പി.ടി.എ പ്രസിഡന്‍റ് സി.എ. അഷ്റഫ് അലി, കോളജ് യൂനിയന്‍ ചെയര്‍മാന്‍ ആദ്യരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ നഴ്സിങ് പൂര്‍ത്തിയാക്കിയ 43 വിദ്യാര്‍ഥികള്‍ക്ക് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞും കുസാറ്റ് വി.സി ഡോ. കെ. പൗലോസ് ജേക്കബും ചേര്‍ന്ന് ബിരുദദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.