മാനന്തവാടിയിലെ പൊലീസ് ആസ്ഥാനങ്ങള്‍ ഒരു കുടക്കീഴിലേക്ക്

മാനന്തവാടി: വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന മാനന്തവാടിയിലെ പൊലീസ് ആസ്ഥാനങ്ങള്‍ ഒരു കുടക്കീഴിലാകുന്നു. പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് നിര്‍മിച്ച കെട്ടിടത്തിലെ ഡിവൈ.എസ്.പി, സി.ഐ ഓഫിസുകള്‍ ജൂലൈ നാലിന് ഉച്ചക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നിലവില്‍ ഡിവൈ.എസ്.പി, സി.ഐ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന എസ്.എം.എസ് ഡിവൈ.എസ്.പി ഓഫിസും പൊലീസ് സ്റ്റേഷനില്‍ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന ട്രാഫിക് യൂനിറ്റും മാറ്റിസ്ഥാപിക്കും. ഇതോടെ പൊലീസിന്‍െറ എല്ലാ യൂനിറ്റുകളും 150 മീറ്റര്‍ ചുറ്റളവിലാകും. നിലവില്‍ ഡിവൈ.എസ്.പി ഓഫിസിലെത്തുന്ന ഒരാള്‍ എസ്.എം.എസ് ഡിവൈ.എസ്.പി ഓഫിസിലേക്ക് പോകാന്‍ ഒരു കി.മീ. അധികം സഞ്ചരിക്കണം. 2010ല്‍ 27 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. 2012ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും വൈദ്യുതി-വാട്ടര്‍ കണക്ഷനുകള്‍ ലഭിക്കാന്‍ വൈകിയതോടെ ഉദ്ഘാടനവും വൈകുകയായിരുന്നു. ഉദ്ഘാടനം കഴിയുന്നതോടെ പൊലീസ് സ്റ്റേഷന്‍ ഡിവൈ.എസ്.പി, സി.ഐമാരുടെ സദാ നിരീക്ഷണത്തിലാകും. എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി, ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.