ലഹരി വിരുദ്ധ ദിനാചരണം; ജില്ലയില്‍ വിപുല പരിപാടികള്‍

തൊടുപുഴ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 ന് മുതലക്കോടം സെന്‍റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ.എം. ഹാരിദ് ഉദ്ഘാടനം ചെയ്യും. മാസ്റ്റര്‍ വെങ്കിടേഷിന്‍െറ ബോധവത്കരണ മാജിക്കും ഉണ്ടാകും. 11ന് മയക്കുമരുന്ന് വിരുദ്ധ സന്ദേശ പ്രചാരണാര്‍ഥം ന്യൂമാന്‍ കോളജ് ടീമും അല്‍ അസ്ഹര്‍ കോളജ് ടീമും പങ്കെടുക്കുന്ന ഫുട്ബോള്‍ മത്സരം സെന്‍റ് ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചക്ക് രണ്ടിന് കുമാരമംഗലം എം.കെ.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മയക്കുമരുന്ന് വിരുദ്ധ റാലിയും സെമിനാറും നടക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എക്സൈസ് വകുപ്പ് ആഭിമുഖ്യത്തില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍െറ ജില്ലാ യുവജന കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വ്യാഴാഴ്ച ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിക്കും. വഴിത്തല ശാന്തിഗിരി കോളജില്‍ ജില്ലാതല ഉദ്ഘാടനം അഡീഷനല്‍ ജില്ലാ ജഡ്ജി അമീര്‍ അലി നിര്‍വഹിക്കും. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം മുകേഷ് മോഹന്‍ അധ്യക്ഷത വഹിക്കും. ശാന്തിഗിരി കോളജ് പ്രിന്‍സിപ്പല്‍ ഫാ. പോള്‍ പാറേക്കാട്ടില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, കോളജുകള്‍, യൂത്ത് ക്ളബുകള്‍ ഇവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ്-ഐ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്‍െറ ഭാഗമായി തൊടുപുഴയില്‍ വ്യാഴാഴ്ച വൈകുന്നേരം നാലിന് ഉല്ലാസ് ടവര്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ സമ്മേളനം നടക്കും. രാഷ്ട്രീയ, സാമൂഹിക, മത, സന്നദ്ധ സംഘടന പ്രവര്‍ത്തകരും കുടുംബശ്രീ, സര്‍വീസ് സംഘടന അംഗങ്ങളും മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകരും പങ്കെടുക്കും. ബ്ളോക് പ്രസിഡന്‍റ് ടി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്‍റ് റോയി കെ.പൗലോസ് ഉദ്ഘാടനം ചെയ്യും. കട്ടപ്പന: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജനകീയ വേദി 26ന് വൈകുന്നേരം നാലിന് കട്ടപ്പന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കി രൂപത മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ഫാ. ജോസ് പാപ്പാടി പരിപാടി ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസിന്‍െറ വിവിധ ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ക്ളീന്‍ കാമ്പസ്-സേഫ് കാമ്പസ് പരിപാടി വിദ്യാര്‍ഥികളെ ലഹരിയില്‍നിന്ന് വിമുക്തമാക്കാന്‍ സഹായിക്കും. ഇതിന്‍െറ ഭാഗമായി ലോക ലഹരി വിരുദ്ധ ദിനമായ 26ന് പ്രത്യേക പരിപാടിയും ഇതോടനുബന്ധിച്ച് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോയി പൊരുന്നോലി, ജോസ് കലയത്തിനാല്‍, മേരിദാസന്‍, പി.എസ്. രാജപ്പന്‍, ആന്‍സമ്മ ജോസ്, ജോളി രാമകൃഷ്ണന്‍, ജോജി കടക്കച്ചിറ, മോളിക്കുട്ടി പൊന്നപ്പന്‍, ബീനാ ജോബി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.