മാവൂര്‍: പെരുവയല്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം നിലവിലെ കെട്ടിടത്തില്‍ത്തന്നെ തുടരാന്‍ പഞ്ചായത്ത് ബോര്‍ഡ് മീറ്റിങ്ങില്‍ തീരുമാനമായി. ചെറുകുളത്തൂര്‍ സ്വദേശി മധുസൂദനന്‍ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റാന്‍ പുനരാലോചന നടത്തുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഭരണസമിതി യോഗത്തില്‍ ഒമ്പതംഗങ്ങളുടെ വിയോജനക്കുറിപ്പോടെ ഇപ്പോഴുള്ള കെട്ടിടത്തില്‍നിന്നും മാറ്റേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്. ഇപ്പോള്‍ പെരുവയല്‍ പഞ്ചായത്തിലെ മദ്റസപാടത്ത് വയല്‍ നികത്തി നിര്‍മിച്ച വനിതാ വ്യവസായ കേന്ദ്രത്തിലെ രണ്ട് ഷട്ടറിട്ട മുറികളിലാണ് പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ചെറിയ മഴക്കാലത്ത് പോലും വെള്ളത്തില്‍ മുങ്ങുന്ന പ്രദേശത്ത് എത്തുന്നത് രോഗികള്‍ക്ക് പ്രയാസകരമാണ്. കൂടാതെ, ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമാകേണ്ട പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഒരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല. എന്നാല്‍, ചെറുകുളത്തൂര്‍ മരുമകുളങ്ങരയില്‍ നേരത്തേ പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മികച്ച നിലവാരത്തിലുള്ള കെട്ടിടങ്ങള്‍ നിലവിലുണ്ട്. ഇതുള്ളപ്പോഴാണ് രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അസൗകര്യങ്ങള്‍ക്ക് നടുവിലുള്ള കെട്ടിടത്തെ ആശ്രയിക്കേണ്ടതായി വരുന്നത്. പഞ്ചായത്ത് ഹൈകോടതിയുടെ നിര്‍ദേശംപോലും അവഗണിച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തിനുള്ള തയാറെടുപ്പുകളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.