‘മോണോറെയില്‍ പദ്ധതിക്കുപിന്നില്‍ വാണിജ്യതാല്‍പര്യം’

കോഴിക്കോട്: അമേരിക്കയിലെ സിയാറ്റില്‍, ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, മലേഷ്യയിലെ പുത്രജയ, ഓസ്ട്രിയയിലെ സിഡ്നി എന്നിവിടങ്ങളില്‍ ഉപേക്ഷിച്ച മോണോറെയില്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കാനുള്ള തിടുക്കത്തിന് പിന്നില്‍ വാണിജ്യ താല്‍പര്യങ്ങള്‍ മാത്രമാണെന്ന് പദ്ധതിയുടെ ഗുണദോഷങ്ങള്‍ സംബന്ധിച്ച് സിറ്റിസണ്‍ വൊയ്സ് കോഴിക്കോട് സംഘടിപ്പിച്ച ജനപക്ഷ സംഗമം അഭിപ്രായപ്പെട്ടു. വാഹനത്തിരക്ക് നഗരത്തില്‍നിന്ന് സമീപ പ്രദേശങ്ങളിലേക്ക് മാറ്റാന്‍ ബൈപ്പാസുകള്‍ വ്യാപകമാക്കുമ്പോള്‍ മോണോറെയില്‍ പദ്ധതി നഗരത്തില്‍ കൂടുതല്‍ തിരക്ക് വര്‍ധിപ്പിക്കാനാണ് ഉപകരിക്കുക. സിറ്റി ബസുകളുടേതിനെക്കാള്‍ ഒന്നര മുതല്‍ രണ്ട് ഇരട്ടി വരെ ചാര്‍ജ് വര്‍ധന പ്രതീക്ഷിക്കുന്ന സംവിധാനം സാധാരണക്കാര്‍ക്ക് സഹായകരമാവില്ല. മോണോറെയിലിന് സ്റ്റോപ്പുകള്‍ കുറവായതിനാല്‍ അവിടേക്ക് മറ്റു വാഹനങ്ങള്‍ പിടിച്ച് പോകേണ്ടി വരും. ഇത് സ്വകാര്യ വാഹനങ്ങളുടെ വര്‍ധനക്കും ഗതാഗതക്കുരുക്കിനുമാണ് വഴിയൊരുക്കുക. പദ്ധതി നടപ്പാവുന്നതോടെ അഞ്ച് വീടുകള്‍, 78 കടകള്‍ എന്നിവ ഇല്ലാതാകും. 249 പേര്‍ക്ക് തൊഴിലും നഷ്ടപ്പെടും. രൂക്ഷമായ വൈദ്യുതി ക്ഷാമം അനുഭവിക്കുന്ന ഇക്കാലത്ത് മോണോറെയില്‍ പദ്ധതിക്ക് വന്‍ തോതില്‍ വൈദ്യുതി വേണ്ടത് പ്രതിസന്ധി രൂക്ഷമാക്കും. 2041 ആകുമ്പോഴേക്കും 32 മില്യന്‍ വൈദ്യുതിയാണ് മോണോറെയിലിന് വേണ്ടിവരിക. മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെ 173 മരങ്ങള്‍ മുറിക്കുമ്പോള്‍ പകരം വെക്കണമെന്ന് പറയുന്നുണ്ടെങ്കിലും ഇത് അപ്രായോഗികമാണ്. ഇപ്പോള്‍ കണക്കാക്കുന്ന ചെലവായ 1991 കോടിക്ക് പുറമെ, 2724 കോടി കൂടി ഉപകരണങ്ങളുടെ നവീകരണത്തിനും മറ്റും വേണ്ടി വരും. എന്നാല്‍, കോഴിക്കോട് നഗരത്തിലെ ജനസംഖ്യ കുറഞ്ഞുവരുന്നതിനാല്‍ ഇത്രയും തുക തിരിച്ചു ലഭിക്കാനും പ്രയാസമാണ്. ഇത്രയും നിക്ഷേപച്ചെലവുള്ള പദ്ധതിക്ക് പകരം സബര്‍ബന്‍ ട്രെയിന്‍, പാത ഇരട്ടിപ്പിക്കല്‍, മേല്‍പാലങ്ങള്‍, ലോഫ്ളോര്‍ ബസുകള്‍ എന്നിവ വ്യാപകമാക്കണമെന്നും സംഗമം നിര്‍ദേശിച്ചു. പോള്‍ മണലില്‍ അധ്യക്ഷത വഹിച്ചു. എം.എ. ജോണ്‍സണ്‍, ടി.വി. രാജന്‍, ബാലകൃഷ്ണന്‍ കണ്ണഞ്ചേരി, ശ്രീവത്സന്‍, സി.പി. കോയ, ഐ.കെ. ബിജു, കെ.ഷാജു എന്നിവര്‍ സംസാരിച്ചു. വി.എ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.