കോഴിക്കോട്: മോഷ്ടിച്ച നാല് മൊബൈല്‍ ഫോണുകള്‍ സഹിതം ഝാര്‍ഖണ്ഡ് സ്വദേശികളായ മൂന്ന് കുട്ടിമോഷ്ടാക്കളെ റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. 10, 13, 17 വയസ്സുള്ള കുട്ടികളില്‍നിന്ന് കണ്ടെടുത്ത ഫോണുകളിലൊന്ന് കോയമ്പത്തൂരില്‍നിന്നും ബാക്കി കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍നിന്നും മോഷ്ടിച്ചതാണ്. പോക്കറ്റില്‍നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചതായി പൊലീസ് പറഞ്ഞു. കുട്ടികള്‍ പിടിയിലായി മണിക്കൂറുകള്‍ക്കകം അവരെ ജാമ്യത്തിലിറക്കാന്‍ അഭിഭാഷകനും എത്തി. ഇവര്‍ക്കുപിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് നടക്കാവ് ശാഖാ മാനേജരുടെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം റെയില്‍വേ സ്റ്റേഷനില്‍നിന്ന് മോഷണം പോയിരുന്നു. അന്നത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദ സാഹചര്യത്തില്‍ മൂന്ന് അന്യസംസ്ഥാന കുട്ടികളെ കണ്ടു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഒന്നാം പ്ളാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിനുമുന്നില്‍ ചുറ്റിക്കറങ്ങുകയായിരുന്ന ഇവര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. റെയില്‍വേ എസ്.ഐമാരായ രാജഗോപാല്‍, മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളെ ഓടിച്ചുപിടികൂടുകയായിരുന്നു. പ്ളാറ്റ്ഫോമിലെ കസേരകളില്‍ ഇരിക്കുന്നവരുടെ പോക്കറ്റില്‍നിന്നാണ് മൂന്നു ഫോണുകള്‍ ഇവര്‍ മോഷ്ടിച്ചത്. കുട്ടികളെ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.