എട്ടു വിഭാഗങ്ങള്‍ക്കുകൂടി നീല ബീക്കണ്‍ ഉപയോഗിക്കാന്‍ അനുമതി

കോഴിക്കോട്: ഔദ്യാഗിക വാഹനങ്ങള്‍ക്കു മുകളില്‍ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാവുന്ന വിഭാഗത്തിന്‍െറ എണ്ണം ഒന്നില്‍നിന്ന് ഒമ്പതാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. 2014 മാര്‍ച്ച് 19 ന് ഗതാഗത സെക്രട്ടറി ഡോ. വി.എം. ഗോപാലമേനോന്‍ ഇറക്കിയ 28ാം നമ്പര്‍ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് പൊലീസിന്‍െറ എസ്കോര്‍ട്ട്-പൈലറ്റ് വാഹനങ്ങള്‍ക്കു മാത്രമേ ഫ്ളാഷര്‍ ഉള്ളതോ ഇല്ലാത്തതോ ആയ നീല ബീക്കണ്‍ ഘടിപ്പിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. പഴയ ഉത്തരവ് ഭേദഗതി ചെയ്ത് ജൂണ്‍ ഏഴിന് ഇറക്കിയ 41ാം നമ്പര്‍ ഉത്തരവനുസരിച്ച് പബ്ളിക് സര്‍വീസ് കമീഷന്‍ അംഗങ്ങള്‍, സംസ്ഥാന പ്ളാനിങ് ബോര്‍ഡ് അംഗങ്ങള്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ജില്ലാ ജഡ്ജിമാര്‍, ജില്ലാ കലക്ടര്‍മാര്‍, നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍, ജില്ലാ പൊലീസ് മേധാവി മുതല്‍ മുകളിലേക്കുള്ള ഓഫിസര്‍മാര്‍, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എന്നീ എട്ടു വിഭാഗങ്ങള്‍ക്കുകൂടി നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി തുടങ്ങിയ വിഭാഗങ്ങളെ അവഗണിച്ചതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ബീക്കണ്‍ പുന$സ്ഥാപിച്ചത്. അതേ സമയം, ജില്ലാ പൊലീസ് മേധാവിയുടെ താഴെ റാങ്കിലുള്ളവരും നിലവില്‍ ബീക്കണ്‍ ഉപയോഗിക്കുന്നുണ്ട്. പൊലീസിന്‍െറ എസ്കോര്‍ട്ട്-പൈലറ്റ് വാഹനങ്ങള്‍ക്ക് ബീക്കണ്‍ ഉപയോഗിക്കാമെന്ന നിയമം മുതലെടുത്താണ് പലരും ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നത്. എന്നാല്‍, സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പറേഷനുകളുടെ മേയര്‍മാരെ പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.