കാറ്റും മഴയും; തട്ടത്തുമലയില്‍ മരം കടപുഴകി വീട് തകര്‍ന്നു

കിളിമാനൂര്‍: മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റില്‍ തട്ടത്തുമല മേഖലയില്‍ വ്യാപകനാശം. കൂറ്റന്‍ മഹാഗണി മരം കടപുഴകി വീട് തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന ഗര്‍ഭിണിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്. നിരവധി മരങ്ങളും നിലംപൊത്തിയിട്ടുണ്ട്.തട്ടത്തുമല മുസ്ലിം പള്ളിക്കു സമീപം രാഘവന്‍െറ വീടിനു മുകളിലേക്കാണ് മരം വീണത്. വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഷിജുവിന്‍െറ ഭാര്യ ചിഞ്ചു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ശബ്ദം കേട്ട് ഇവര്‍ പുറത്തേക്കോടി. പിന്നാലെ ഓടുമേഞ്ഞ കെട്ടിടത്തിന്‍െറ മേല്‍ക്കൂരയുടെ ഒരു ഭാഗം മുറിക്കകത്തേക്ക് വീഴുകയായിരുന്നു.അയല്‍വാസിയായ സലീമിന്‍െറ വീടിനു പിന്‍ഭാഗവും കക്കൂസും തകര്‍ന്നു. മുറ്റത്തുണ്ടായിരുന്ന മറ്റൊരു പ്ളാവും നിലംപൊത്തി. സമീപത്തുള്ള റഫീഖിന്‍െറ വീട്ടിലെ കക്കൂസും നിലംപൊത്തി. വ്യാഴാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് കാറ്റടിച്ചത്. അമ്പതോളം റബര്‍മരങ്ങള്‍ ഒടിഞ്ഞുവീണു. കിളിമാനൂര്‍ കെ.എസ്.ഇ.ബി അധികൃതരെത്തി രാത്രിയോടെ മരങ്ങള്‍ മുറിച്ചുനീക്കി. ശക്തമായ കാറ്റിലും മഴയിലും കല്ലറ, കാട്ടുംപുറം മേഖലയിലും വ്യാപക നാശം. രണ്ടുവീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാപക കൃഷിനാശം സംഭവിച്ചു. പുളിമാത്ത് പഞ്ചായത്തിലെ കാട്ടുംപുറം മൂര്‍ത്തിക്കാവ് തന്‍സീര്‍ മന്‍സിലില്‍ എസ്. റഹീമിന്‍െറ വീടിന് മുകളിലേക്ക് സമീപത്ത് നിന്ന പ്ളാവ് ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു. കല്ലറ മുതുവിള പച്ചള്ളൂര്‍ ബേബിയുടെ വീടിന് മുകളിലേക്ക് മരം വീണ് വീടിന് കേടുപാട് സംഭവിച്ചു. കല്ലറ, പാങ്ങോട് പ്രദേശങ്ങളില്‍ വ്യാപകമായി കൃഷിനാശം സംഭവിച്ചു. ഏത്തവാഴ, മരച്ചീനി, റബര്‍ എന്നിവയാണ് നശിച്ചവയിലേറെയും. കിളിമാനൂര്‍ തട്ടത്തുമല കൈലാസംകുന്നില്‍ പള്ളംവീട്ടില്‍ ബാബുവിന്‍െറ 50ല്‍പരം കുലച്ച ഏത്തവാഴകള്‍ നിലംപൊത്തി. മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.