മരംകൊള്ള: ഫൈ്ളയിങ് സ്ക്വാഡ് അന്വേഷണം തുടങ്ങി

മാനന്തവാടി: അനുമതിയുടെ മറവില്‍ വന്‍തോതില്‍ മരം കൊള്ളയടിച്ച സംഭവത്തില്‍ ഫൈ്ളയിങ് സ്ക്വാഡ് അന്വേഷണം തുടങ്ങി. കല്‍പറ്റ ഫൈ്ളയിങ് സ്ക്വാഡിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. പുരുഷോത്തമന്‍െറ നേതൃത്വത്തിലുള്ള അന്വേഷണം തൃശ്ശിലേരി വില്ലേജിലെ സര്‍വേ നമ്പര്‍ 339/1എ1ബി-യില്‍പ്പെട്ട എസ്റ്റേറ്റില്‍ അനധികൃതമായി മരം മുറിക്കുന്നതായി ‘മാധ്യമം’ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. അതിനിടയില്‍ അനുമതിയുടെ മറവില്‍ മറ്റു സര്‍വേ നമ്പറുകളില്‍പെട്ട സ്ഥലങ്ങളില്‍നിന്ന് മരം മുറിക്കുന്നതായും കണ്ടെത്തി. സര്‍വേ നമ്പര്‍ 1ബി-യില്‍പെട്ട 35ഓളം കൈവശക്കാരുടെ സ്ഥലത്തുനിന്നാണ് മരം മുറിച്ചുകടത്തുന്നതായി കണ്ടെത്തിയത്. ഒരു ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍നിന്ന് മരം മുറിക്കുന്നതിന് വനം വകുപ്പിന്‍െറ അനുവാദം ആവശ്യമില്ല. എന്നാല്‍, മരം കൊണ്ടുപോകുന്നതിന് വനം വകുപ്പിന്‍െറ അനുമതി ആവശ്യമാണ്. ഒരു തോട്ടത്തിലെ മരം മുറിക്കാനുള്ള അനുമതിയുടെ മറവിലാണ് മറ്റു തോട്ടങ്ങളില്‍നിന്ന് മരം മുറിച്ചുകൂട്ടിയത്. പരിശോധന വരും ദിവസങ്ങളിലും തുടരും. ഇതിനുശേഷമേ അനുമതിയില്ലാതെ എത്ര മരം മുറിച്ചുവെന്ന് പറയാന്‍ കഴിയൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിസ്ഥിതി ദുര്‍ബല പ്രദേശമായ തിരുനെല്ലിയില്‍ പലയിടങ്ങളിലും വന്‍തോതില്‍ മരം മുറി നടന്നിരുന്നു. ഇവിടങ്ങളിലും ഫൈ്ളയിങ് സ്ക്വാഡ് പരിശോധന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.