ആളില്ലാത്ത പോസ്റ്റില്‍ ഗോളടിച്ച വീരനാണ് ഞാന്‍ -ഇന്നസെന്‍റ് എം.പി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയില്‍ ഞാനും ഫുട്ബാള്‍ കളിച്ചിട്ടുണ്ട്. മോശമായ കളിക്കാരനായിട്ടും ഞാന്‍ ഗോളടിച്ചിട്ടുണ്ട്. പക്ഷേ, ഗോള്‍പോസ്റ്റില്‍ ആരും ഉണ്ടായിരുന്നില്ല എന്നുമാത്രം. ലോക ഫുട്ബാള്‍ മത്സരത്തിന്‍െറ ആവേശം അലയടിക്കുന്ന അവസരത്തില്‍ ഇരിങ്ങാലക്കുടയില്‍ ‘ബ്രസീലും‘ ‘അര്‍ജന്‍റീനയും’ തമ്മിലെ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇന്നസെന്‍റ് എം.പി. 1979ല്‍ ഞാന്‍ നഗരസഭ കൗണ്‍സിലര്‍ ആയപ്പോള്‍ സത്യപ്രതിജ്ഞ ചെയ്തത് അയ്യങ്കാവ് മൈതാനത്തിന് സമീപമുള്ള നഗരസഭ മന്ദിരത്തില്‍ വെച്ചായിരുന്നു. എം.പിയായി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതും അയ്യങ്കാവ് മൈതാനിയിലെ ചടങ്ങിലാണെന്നും ഇന്നസെന്‍റ് പറഞ്ഞു. എം.പിയായ ശേഷം ആദ്യ പരിപാടി സ്വന്തം നാട്ടിലായതില്‍ ഏറെ സന്തോഷം അനുഭവപ്പെടുന്നതായും ഇന്നസെന്‍റ് പറഞ്ഞു. ലോകകപ്പ് ഫുട്ബാള്‍ മത്സരം കഴിയുന്നതുവരെ ഇനി കള്ളന്മാര്‍ക്ക് കഷ്ടകാലമാണ്. കളി രാത്രിയായതിനാല്‍ പുരുഷന്മാര്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ട് മോഷണത്തിന് സാഹചര്യം കുറയുമെന്നാണ് ഇന്നസെന്‍റിന്‍െറ കണ്ടുപിടിത്തം. ഉദ്ഘാടന വേദിയില്‍ ഈസമയം കലാഭവന്‍ മണിയും ഫുട്ബാള്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണിയും ഉണ്ടായിരുന്നു. എന്‍െറ ഏറ്റവും അടുത്ത സുഹൃത്താണ് കലാഭവന്‍ മണി. പക്ഷേ, തെരഞ്ഞെടുപ്പ് സമയത്ത് വോട്ടിനുവേണ്ടി കലാഭവന്‍ മണിയുടെ കാല്‍പിടിച്ചിട്ടുണ്ട്. ടി.കെ. ചാത്തുണ്ണിയെ അറിയില്ലെങ്കിലും അറിയുമെന്ന് പറഞ്ഞ് വോട്ട് ചോദിച്ചിട്ടുണ്ടെന്ന് ഇന്നസെന്‍റ് പറഞ്ഞപ്പോള്‍ കലാഭവന്‍ മണിയും ടി.കെ. ചാത്തുണ്ണിയും പൊട്ടിച്ചിരിച്ചു. ഞാന്‍ പ്രസംഗം നീട്ടിയാല്‍ മഴ വരും കളി മുടങ്ങും. അപ്പോള്‍ ഇപ്പോള്‍ കൈയടിച്ച നിങ്ങള്‍ എന്നെ ചീത്തപറയും എന്ന് പറഞ്ഞാണ് ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗം അവസാനിപ്പിച്ചത്. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സന്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജില്‍ നടപ്പാക്കുന്ന ഒരു ഗോള്‍ ഒരു മരം പദ്ധതി ആദ്യ വൃക്ഷത്തൈ ഫാ. ജോയ് പീണിക്കപറമ്പിലിന് നല്‍കി ഇന്നസെന്‍റ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. കലാഭവന്‍ മണി, ഇടവേള ബാബു, സിസ്റ്റര്‍ ആനി കുര്യാക്കോസ്, ഇരിങ്ങാലക്കുട ബ്ളോക് പ്രസിഡന്‍റ് ടി.ജി. ശങ്കരനാരായണന്‍, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പി.എ. വര്‍ഗീസ്, സി.ഐ ആര്‍. മധു എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.