കേളകം: മണത്തണ കരിമ്പന ഗോപുരത്തില്‍നിന്ന് ഭണ്ഡാര ഘോഷയാത്ര എത്തിയതോടെ കൊട്ടിയൂര്‍ പെരുമാള്‍ സന്നിധിയില്‍ വൈശാഖ മഹോത്സവ നിത്യപൂജകള്‍ക്ക് തുടക്കമായി. മണത്തണ കരിമ്പന ഗോപുരത്തിലെ നിലവറകളില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരങ്ങളും തിരുവാഭരണങ്ങളും എഴുന്നള്ളിച്ചുള്ള ഘോഷയാത്രയെ നൂറുകണക്കിന് ഭക്തര്‍ അനുഗമിച്ചു. സര്‍വാഭരണ വിഭൂഷിതനായ കൊട്ടിയൂര്‍ പെരുമാളിനെ വണങ്ങാന്‍ ഭക്തര്‍ ഉത്സാഹം കാട്ടി. അര്‍ധരാത്രി ഭണ്ഡാര ഘോഷയാത്ര ഉത്സവ നഗരിയിലെത്തിയതോടെ സ്ത്രീകള്‍ക്ക് ഇവിടേക്ക് പ്രവേശം അനുവദിച്ചു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് ഭണ്ഡാര ഘോഷയാത്ര മണത്തണയില്‍നിന്ന് കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. കരിമ്പന ഗോപുരത്തിലെ നിലവറകളില്‍ സൂക്ഷിച്ചിരുന്ന കനക രജത തിരുവാഭരണങ്ങള്‍, സ്വര്‍ണ-വെള്ളി പാത്രങ്ങള്‍, പൂജാ സാമഗ്രികള്‍, ഭണ്ഡാരങ്ങള്‍ എന്നിവ പുറത്തെടുത്ത് അവ കൊട്ടിയൂരിലെത്തിക്കാന്‍ അവകാശികള്‍ക്ക് കൈമാറിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. 12 കിലോമീറ്റര്‍ അകലെയുള്ള കൊട്ടിയൂരിനെ ലക്ഷ്യമാക്കി ഘോഷയാത്ര പുറപ്പെടുമ്പോള്‍ മണത്തണ പ്രദേശം ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. ഘോഷയാത്ര കടന്നുപോയ വീഥികളില്‍ നിരവധി ഭക്തര്‍ തൊഴുകൈകളോടെ കാത്തുനിന്നു. കനത്ത പൊലീസ് സുരക്ഷയില്‍ വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ഭണ്ഡാര ഘോഷയാത്ര എത്തിയതോടെ പെരുമാള്‍ സന്നിധിയും കൊട്ടിയൂര്‍ ഗ്രാമവും ഭക്തിനിര്‍ഭരമായി. ഇനിയുള്ള ദിനങ്ങളില്‍ പെരുമാള്‍ സന്നിധി ഹരിഗോവിന്ദ കീര്‍ത്തനത്താല്‍ മുഖരിതമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.