റൂറല്‍ മേഖലയില്‍ പെണ്‍പലിശക്കാര്‍ പിടിമുറുക്കുന്നു

നെടുമ്പാശേരി: ഗ്രാമപ്രദേശങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പെണ്‍ പലിശസംഘങ്ങള്‍ സജീവമാകുന്നു. കഴിഞ്ഞദിവസം റൂറല്‍ പൊലീസ് സൂപ്രണ്ട് സതീഷ് ബിനോ നടത്തിയ അദാലത്തിലാണ് ഇത് വെളിപ്പെട്ടത്. കൊള്ളപ്പലിശ ഇടപാട് നടത്തുന്ന സ്ത്രീകള്‍ക്കെതിരെയും നടപടി ശക്തമാക്കാന്‍ തീരുമാനിച്ചു. ചില കൊള്ളപ്പലിശക്കാര്‍ സ്ത്രീകളെ ബിനാമികളാക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. അങ്കമാലി കേന്ദ്രീകരിച്ച രണ്ട് കൊള്ളപ്പലിശക്കാരികള്‍ക്കെതിരെ കരുമാല്ലൂര്‍ സ്വദേശിനി സുശീല എന്ന വീട്ടമ്മ പരാതി നല്‍കി. ഗുണ്ടസംഘങ്ങളുടെ ഭീഷണി നിലനില്‍ക്കുമ്പോഴാണ് ഇവര്‍ പരാതി നല്‍കാന്‍ തയാറായത്. 2010ല്‍ ഏഴുലക്ഷം രൂപയാണ് ഇവര്‍ പലിശക്കെടുത്തത്. അങ്കമാലി സ്വദേശിനികളായ മേരി കോലഞ്ചേരി, റോസി തൈക്കൂടത്തില്‍ എന്നിവരാണ് പണം നല്‍കിയത്. ഇതുവരെ പലഘട്ടമായി 26 ലക്ഷം രൂപ ഇവര്‍ തിരിച്ചടച്ചുകഴിഞ്ഞു. എന്നാല്‍, ഇനിയും പണം വേണമെന്ന ആവശ്യമാണ് ഇവരുടേത്. ആറ് ബ്ളാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും പ്രോമിസറി നോട്ടുകളും പുരയിടത്തിന്‍െറ ആധാരത്തിന്‍െറ കോപ്പിയും നല്‍കിയിരുന്നു. ഇപ്പോള്‍ ആധാരത്തിന്‍െറ കോപ്പിയില്‍ ഒപ്പിട്ടുനല്‍കാന്‍ നിര്‍ബന്ധിച്ച് ഇവരെയും ഭര്‍ത്താവിനെയും ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയാണ്. ഇനി ഗുണ്ടകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന വാശിയുമായാണ് ഇവര്‍ എസ്.പിയുടെ മുന്നിലെത്തിയത്. ഇവര്‍ക്ക് പലിശ നല്‍കിയ സ്ത്രീകള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ റൂറല്‍ എസ്.പി നിര്‍ദേശം നല്‍കി. ഏതാനും നാളുകള്‍ക്കുമുമ്പ് ഇവരുടെ സ്ഥലം തോമസ് എന്നയാള്‍ക്ക് ജപ്തി ചെയ്യാന്‍ കോടതിയില്‍നിന്ന് അനുമതി ലഭിച്ചു. എന്നാല്‍, തോമസിനെ തങ്ങള്‍ക്കറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് ജപ്തിക്കെതിരെ സ്റ്റേ വാങ്ങി കോടതി അഭയം പ്രാപിച്ചിരിക്കുകയാണ്. പല കൊള്ളപ്പലിശ സംഘങ്ങളും വര്‍ഷങ്ങളോളം കൃത്യമായി പലിശ മാത്രം വാങ്ങുകയാണ് ചെയ്യുന്നത്. നല്‍കിയ തുകയുടെ ഇരട്ടിയിലേറെയായി പലിശ വാങ്ങിയ ശേഷമായിരിക്കും ഇവര്‍ തവണ അടക്കണമെന്നാവശ്യപ്പെട്ട് നിര്‍ബന്ധം പിടിക്കുക. പലപ്പോഴും കുറഞ്ഞ വിലയ്ക്ക് കണ്ണായ സ്ഥലങ്ങള്‍ എഴുതിവാങ്ങിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.