ആലപ്പുഴ: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് താല്‍ക്കാലികമായി പൂട്ടിയ സ്കൂള്‍ ഓഫ് നഴ്സിങ് തുറന്നു. കഴിഞ്ഞദിവസം രക്ഷാകര്‍ത്താക്കളും അധ്യാപകരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ മാസം മൂന്നാംതീയതി അടച്ച നഴ്സിങ് സ്കൂള്‍ തുറന്നത്. സ്കൂള്‍ അടഞ്ഞുകിടന്നാല്‍ കുട്ടികളുടെ ഭാവിയെ അത് സാരമായി ബാധിക്കുമെന്നുള്ളതുകൊണ്ടാണ് ചൊവ്വാഴ്ച കൂടിയ യോഗത്തില്‍ സ്കൂള്‍ തുറക്കാന്‍ തീരുമാനിച്ചത്. അതേസമയം, ഇങ്ങനെയൊരു യോഗത്തില്‍ തന്നെ ആരും ക്ഷണിച്ചില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ഹല്‍ത്താഫ് പറഞ്ഞു. നേരത്തേ ഭക്ഷ്യവിഷബാധ ഉണ്ടായതറിഞ്ഞ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും നഗരസഭാ ആരോഗ്യ കമ്മിറ്റി അംഗങ്ങളും സ്കൂളും പാചകപ്പുരയും സന്ദര്‍ശിച്ചതിനുശേഷം നഗരസഭ ആരോഗ്യവിഭാഗത്തിന്‍െറ അനുമതിയില്ലാതെ ഇവിടുത്തെ ഭക്ഷണശാല തുറക്കരുതെന്ന് നോട്ടീസ് നല്‍കിയിരുന്നു. ഇപ്പോള്‍ ക്ളാസ് മാത്രമാണ് തുടങ്ങിയത്. ശുദ്ധജലത്തിന്‍െറ ലഭ്യത ഉറപ്പാക്കുംവരെ ഇവിടെ പാചകം ചെയ്യിക്കില്ലെന്നും കുട്ടികളുടെ ഭാവി ആശങ്കയിലാകുമെന്നും പറഞ്ഞ് ജനപ്രതിനിധികളെയോ വാര്‍ഡ് കൗണ്‍സിലറെയോ അറിയിക്കാതെ രക്ഷാകര്‍ത്താക്കളുമായി ചര്‍ച്ച നടത്തി അവ വെള്ളപേപ്പറില്‍ എഴുതി സ്കൂള്‍ തുറക്കാന്‍ സമ്മതമാണെന്ന് ഒപ്പിടീച്ച് വാങ്ങിയെന്ന് എസ്.എഫ്.ഐ ഭാരവാഹികള്‍ പറഞ്ഞു. സംഭവം നടന്ന പിറ്റേന്ന് പ്രിന്‍സിപ്പലിനെ കണ്ട പ്രവര്‍ത്തകരോട് പറഞ്ഞ വാക്ക് ഒന്നുംതന്നെ പാലിച്ചില്ലെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആദില്‍ മാത്യു പറഞ്ഞു. അതുകൊണ്ടുതന്നെ ജനപ്രതിനിധികളെയും നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയെയും വാര്‍ഡ് കൗണ്‍സിലറെയും ക്ഷണിച്ച് അടിയന്തരമായി പി.ടി.എ യോഗം വിളിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. അതേസമയം, രക്ഷാകര്‍ത്താക്കളുടെ പൂര്‍ണസമ്മതത്തോടെയാണ് സ്കൂള്‍ തുറക്കുന്നതെന്നും ശുദ്ധജലം ലഭ്യമാകുന്നതുവരെ ഇവിടുത്തെ കാന്‍റീനില്‍ ഭക്ഷണം പാകം ചെയ്യില്ലെന്നും പ്രിന്‍സിപ്പല്‍ കനകമ്മ പറഞ്ഞു. ശുദ്ധജലത്തിന് ആര്‍.ഒ പ്ളാന്‍റ് സ്ഥാപിക്കുന്നതിന് ഡി.എം.ഒ വഴി കലക്ടര്‍ക്ക് അപേക്ഷ കൊടുക്കും. സ്കൂള്‍ തുറന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളെ പുറത്ത് ഭക്ഷണം കഴിക്കാന്‍ വിടാന്‍ പറ്റാത്ത സാഹചര്യമുള്ളതുകൊണ്ട് ഡി.എം.ഒയുടെ നിര്‍ദേശപ്രകാരം ആലപ്പുഴ വനിത -ശിശു ആശുപത്രിയിലെ കുടുംബശ്രീയുടെ കാന്‍റീനില്‍നിന്ന് മൂന്നുനേരം ഭക്ഷണമെത്തിക്കാന്‍ സംവിധാനമൊരുക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ജില്ലാമെഡിക്കല്‍ ഓഫിസര്‍ വഴിതന്നെ വെള്ളമെത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജലവകുപ്പിന് വീണ്ടും അപേക്ഷ സമര്‍പ്പിക്കുമെന്നും അവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.