പാലക്കാട്: വാളയാര്‍ ചെക്പോസ്റ്റില്‍ പാര്‍സല്‍ വിഭാഗം കൈകാര്യം ചെയ്യുന്ന കൗണ്ടറില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ചെക് പോസ്റ്റില്‍ വാഹനങ്ങളുടെ നീണ്ട നിരയുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ഇത് ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ എ.ഡി.എം എന്‍.കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ വാളയാറിലേക്ക് നിയോഗിച്ചു. സംഘം നിര്‍ദേശിച്ചതിന്‍െറ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ സെയില്‍ ടാക്സ് അസിസ്റ്റന്‍റ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയാണുണ്ടായത്. പാര്‍സല്‍ വിഭാഗം കൈകാര്യം ചെയ്യുന്ന കൗണ്ടറുകളിലെ ജീവനക്കാരുടെ അപര്യാപ്തതയാണ് ചെക്പോസ്റ്റിലെ ക്യൂവിന് പ്രധാനമായ കാരണമായി ചൂണ്ടിക്കാണിച്ചത്. ട്രാന്‍സ്ഫര്‍ നടക്കുന്ന സമയമായതിനാലുള്ള സാങ്കേതിക പ്രശ്നങ്ങളാണ് ജീവനക്കാരുടെ കുറവിന് കാരണമെന്ന് സെയില്‍സ് ടാക്സ് അസി. കമീഷണര്‍ പറഞ്ഞു. തന്‍െറ ഓഫിസില്‍ നിന്ന് നാല് ജീവനക്കാരെ ഉടന്‍ തന്നെ വാളയാറിലേക്ക് പോസ്റ്റ് ചെയ്തതായി അദ്ദേഹം അറിയിച്ചു. ലോറി ഡ്രൈവര്‍മാര്‍ കൂടുതല്‍ സമയം ചെക്പോസ്റ്റില്‍ ചെലവഴിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും എ.ഡി.എം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സെയില്‍സ് ടാക്സ് വകുപ്പിന്‍െറ അധീനതയിലുള്ള 1.24 ഏക്കര്‍ സ്ഥലം പാര്‍ക്കിങിന് ഉപയോഗിക്കണം. ഇന്‍റഗ്രേറ്റഡ് ചെക് പോസ്റ്റിനുള്ള പ്രവര്‍ത്തനവും ഊര്‍ജിതമാക്കണം. ദേശീയപാതക്കായി സ്ഥലമേറ്റെടുത്ത മോട്ടോര്‍ വാഹന ചെക് പോസ്റ്റിനും സെയില്‍ ടാക്സ് ചെക്പോസ്റ്റിനുമിടക്കുള്ള ഭാഗം ടാര്‍ ചെയ്ത് ഉപയോഗിക്കണം. വരുന്ന ഓണക്കാലം മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.