സ്വര്‍ണക്കടത്ത്: ദുബൈ വിമാനത്താവളത്തില്‍ സഹായികള്‍ ഉണ്ടെന്ന് സൂചന

കൊണ്ടോട്ടി: സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ദുബൈ വിമാനത്താവളത്തില്‍ ജീവനക്കാരുടെ സഹായം കിട്ടുന്നുണ്ടെന്ന് സൂചന. ഞായറാഴ്ച രണ്ടുകിലോ സ്വര്‍ണക്കട്ടിയുമായി പിടിയിലായ വെട്ടത്തൂര്‍ സ്വദേശിയില്‍നിന്നാണ് നിര്‍ണായക വിവരങ്ങള്‍ കരിപ്പൂര്‍ എയര്‍ കസ്റ്റംസ് അധികൃതര്‍ക്ക് ലഭിച്ചത്. വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി സെക്യൂരിറ്റി ലോഞ്ചില്‍ വിശ്രമിക്കുമ്പോഴാണ് രണ്ട് സ്വര്‍ണബിസ്കറ്റുകള്‍ തനിക്ക് കൈമാറിയതെന്നാണ് പിടിയിലായയാള്‍ മൊഴി നല്‍കിയത്. ഇയാളുടെ സഹപാഠിയും ചിരകാല സുഹൃത്തുമായ ഒരാളാണ് സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണി. ഓട്ടോ ഡ്രൈവറായും സ്പെയര്‍ പാര്‍ട്സ് കടയിലെ ജീവനക്കാരനായും ജോലി ചെയ്തശേഷം കോഴി ഫാം ബിസിനസും നടത്തി പരാജയപ്പെട്ടശേഷമാണ് ഇയാള്‍ക്ക് സുഹൃത്ത് സ്വര്‍ണക്കടത്തിലെ ലാഭത്തെക്കുറിച്ച് വിവരിക്കുന്നത്. ദുബൈയിലെത്തിയ ഇയാളെ ഒരുസംഘം കാറിലാണ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. രണ്ടുദിവസത്തെ താമസത്തിനിടയില്‍ കാലുകള്‍ക്കിടയില്‍ സ്വര്‍ണം ഒട്ടിച്ചുവെച്ച് കടത്തുന്നതിനുള്ള പരിശീലനം നല്‍കി. കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് മെഡിക്കല്‍ ടാപ്പ് (പ്ളാസ്റ്റര്‍) ഒട്ടിച്ചാണ് സ്വര്‍ണം കെട്ടിവെക്കാന്‍ പരിശീലനം നല്‍കിയത്. ദുബൈയിലെത്തി മൂന്നാംദിവസം മടക്കയാത്രക്ക് തയാറാക്കി. കാറില്‍തന്നെ വിമാനത്താവളത്തിലെത്തിച്ചു. പക്ഷേ, സ്വര്‍ണക്കട്ടി കൈവശം നല്‍കിയിരുന്നില്ല. പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം പേര് ചോദിച്ച് തിരിച്ചറിഞ്ഞാണ് സ്വര്‍ണ പാക്കറ്റ് ഏല്‍പ്പിച്ചത്. ടെര്‍മിനലിനുള്ളിലെ ടോയ്ലറ്റില്‍ ഒരുമണിക്കൂറോളം ചെലവഴിച്ചാണ് കാലില്‍ സ്വര്‍ണക്കട്ടി ഒട്ടിച്ചത്. എമിറേറ്റ്സ് വിമാനത്തില്‍ ബിസിനസ് ക്ളാസിലായിരുന്നു യാത്ര. ഉയര്‍ന്ന ക്ളാസില്‍ ടിക്കെറ്റടുത്ത സാഹചര്യത്തില്‍ ഇയാളെ നിരീക്ഷിക്കാന്‍ മറ്റാരെയെങ്കിലും സ്വര്‍ണക്കടത്ത് സംഘം നിയോഗിച്ചിരുന്നോ എന്ന് സംശയം ഉണ്ട്. ഇയാളുടെ സുഹൃത്തിനെ പിടികൂടാനുള്ള ശ്രമത്തിലാണ് കോഴിക്കോട്ടെ എയര്‍ കസ്റ്റംസ് പ്രിവന്‍റീവ് സ്ക്വാഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.