നെല്‍വയല്‍ നികത്തി നിര്‍മാണം: കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നടപടി

മലപ്പുറം: കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് ജില്ലയില്‍ അനധികൃതമായി നെല്‍വയലുകള്‍ നികത്തുന്നതിനെതിരെ റവന്യൂ വകുപ്പ് കര്‍ശന നടപടി തുടങ്ങി. നിയമലംഘനം നടത്തിയവര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിനും നികത്തിയ വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങളിലുള്‍പ്പെട്ട വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിച്ചത്. പൊതുജനങ്ങള്‍ ഫോണ്‍ മുഖേന നല്‍കുന്ന വിവരങ്ങള്‍ പരാതിയായി പരിഗണിച്ച് നടപടി സ്വീകരിച്ചുവരുന്നതായി കലക്ടര്‍ കെ. ബിജു അറിയിച്ചു. അനധികൃതമായി തരം മാറ്റിയ ഭൂമി കൈമാറ്റം ചെയ്യുന്നതും വൈദ്യുതി കണക്ഷന്‍ നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ താലൂക്കിലെ പാതായ്ക്കര വില്ലേജില്‍ കുന്നപ്പള്ളി വായനശാലക്ക് സമീപവും പുഴക്കാട്ടിരി വില്ലേജിലെ രാമപുരത്തും അങ്ങാടിപ്പുറം കോട്ടപ്പറമ്പ് എല്‍.പി സ്കൂളിന് സമീപവും മൂര്‍ക്കനാട് വില്ലേജിലെ കൊളത്തൂരിലും നടന്ന അനധികൃത തരംമാറ്റ കേസുകളില്‍ പത്രവാര്‍ത്തകളുടെയും ഫോണില്‍ ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്ത് നടപടി ആരംഭിച്ചത്. പുഴക്കാട്ടിരി വില്ലേജിലെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം നിര്‍മാണത്തിലുള്ള വീട് പൊളിച്ചുമാറ്റുന്നതിനും സി.ജെ.എം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് ഉത്തരവായിട്ടുണ്ട ്. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്പൂര്‍ വില്ലേജിലും സമാന നടപടി സ്വീകരിച്ചിട്ടുണ്ട ്. കൊണ്ടോട്ടി താലൂക്കിലെ നെടിയിരിപ്പ് വില്ലേജിലെ മില്ലുംപടിയില്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് കലക്ടര്‍ ഉത്തരവിറക്കി. ഇതിനെ തുടര്‍ന്ന് കെട്ടിടത്തിന് നെടിയിരിപ്പ് ഗ്രാമപഞ്ചായത്തില്‍നിന്ന് നല്‍കിയ കെട്ടിടനമ്പര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റദ്ദാക്കി. ചെറുകാവ് വില്ലേജിലെ നാല് കേസുകളിലും പുളിക്കല്‍, വാഴയൂര്‍ വില്ലേജുകളിലെ ഓരോ കേസുകളിലും തിരൂര്‍ ആര്‍.ഡി. ഒയുടെ പരിധിയില്‍ വരുന്ന നിരവധി കേസുകളിലും നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റി സ്ഥലം പൂര്‍വസ്ഥിതിയിലാക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നികുതി രശീത്, കൈവശ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ അനധികൃത തരംമാറ്റം സംബന്ധിച്ച വിവരങ്ങള്‍ എഴുതി ചേര്‍ക്കണമെന്നും നിര്‍ദേശിച്ചു. പ്രാദേശിക നിരീക്ഷണ സമിതിയില്‍ അപേക്ഷ നല്‍കാതെയും നിയമാനുസൃത അനുമതി കൂടാതെയും വയല്‍ നികത്തി കെട്ടിടം നിര്‍മിക്കുന്നത് കര്‍ശനമായി തടയുമെന്ന് കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.