പ്ളസ് വണ്‍ പ്രവേശം: 16 വരെ അപേക്ഷിക്കാം ജില്ലയില്‍ ഇതുവരെ 75,806 അപേക്ഷകര്‍

മലപ്പുറം: പ്ളസ് വണ്‍ പ്രവേശത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ 16 വരെ സമര്‍പ്പിക്കാന്‍ സമയം നീട്ടിയത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസമായി. 12 വരെ അപേക്ഷ നല്‍കാന്‍ നേരത്തേ നിശ്ചയിച്ച തീയതിയാണ് 16 വരെ നീട്ടിയത്്. ജില്ലയില്‍ ഇതുവരെ 75,806 പേര്‍ പ്ളസ് വണ്‍ പ്രവേശത്തിന് ഓണ്‍ലൈനിലുടെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാകുന്നതേയുള്ളു. പുതുതായി അപേക്ഷിക്കാനുള്ള അച്ചടിച്ച ഫോറവും പ്രോസ്പെക്ടസും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ജില്ലയിലെ ഏതെങ്കിലും ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 25 രൂപ നല്‍കി അപേക്ഷഫോറം വാങ്ങി പൂരിപ്പിച്ച് 16നകം സമര്‍പ്പിക്കാം. സര്‍ക്കാര്‍-എയ്ഡഡ് മേഖലകളിലായി ജില്ലയില്‍ ഇപ്പോഴുള്ളത് 40,920 പ്ളസ് വണ്‍ സീറ്റുകളാണ്. ഇപ്പോള്‍ ലഭിച്ച മുഴുവന്‍ അപേക്ഷ പരിഗണിച്ചാല്‍ പോലും 22,820 പേര്‍ക്ക് മറ്റ് പഠനമേഖലകളിലേക്ക് തിരിയേണ്ടിവരും. ഇതില്‍ വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക്ക് എന്നിവിടങ്ങളില്‍ കുറേപേര്‍ പ്രവേശിച്ചാല്‍പോലും 18,000ല്‍പരം പേര്‍ക്ക് മറ്റ് വഴി തേടേണ്ടിവരും. അതേസമയം, പുതുതായി അപേക്ഷ നല്‍കിയ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് പ്ളസ് വണ്‍ അധിക ബാച്ച് അനുവദിക്കാനുള്ള അപേക്ഷ സര്‍ക്കാറിന്‍െറ പരിഗണനയിലാണ്. മലപ്പുറത്തെ 83 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 46 എണ്ണവും 70 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളില്‍ 65 എണ്ണവും അധിക ബാച്ചിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. മതിയായ ഭൗതിക സാഹചര്യമില്ലെന്ന കാരണം പറഞ്ഞാണ് 37 ഗവ. സ്കൂളുകള്‍ അധികബാച്ചിന് അപേക്ഷിക്കാതിരുന്നത്. പുതുതായി അപേക്ഷിച്ച 111 സ്കൂളുകളില്‍ അധികബാച്ച് ലഭിച്ചാല്‍ 5,550 സീറ്റ് കൂടുതലായിലഭിക്കും. അപ്പോഴും 12000ല്‍പരം പേര്‍ക്ക് ഓപണ്‍ സ്കൂളിനെ ആശ്രയിക്കേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.