പത്തനംതിട്ട: മഴ ആരംഭിച്ചതോടെ പകര്‍ച്ചപ്പനി വ്യാപകമാകുന്നു. ചൊവ്വാഴ്ച പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഒ.പി വിഭാഗം പനി ബാധിച്ച് ചികിത്സ തേടി എത്തിയവരെ കൊണ്ട് നിറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് രോഗികളാണ് ചൊവ്വാഴ്ച ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഒ.പി ടിക്കറ്റ് എടുക്കാനും ഡോക്ടറെ കാണാനും മരുന്ന് വാങ്ങാനുമായി നീണ്ട ക്യൂ രൂപപ്പെട്ടു. നീണ്ട ക്യൂവില്‍ നിന്ന പ്രായമായവരില്‍ ചിലര്‍ തളര്‍ന്നു വീണു. ഇതിനിടെ ഓട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലുമായി രോഗികള്‍ വന്നുകൊണ്ടേയിരുന്നു. ഒരു മുറിയില്‍ രണ്ട് ഡോക്ടര്‍മാര്‍ വീതം ഇരുന്നാണ് രോഗികളെ പരിശോധിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച 1146 പേര്‍ ഒ.പിയില്‍ വിവിധ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സതേടി എത്തിയിരുന്നു. ഇതില്‍ 32 പേര്‍ പനിക്ക് ചികിത്സതേടി എത്തിയവരായിരുന്നു. ജില്ലയില്‍ 29 പേര്‍ക്ക് വയറിളക്ക രോഗം പിടിപെട്ടിട്ടുണ്ട്. വെച്ചൂച്ചിറ, കുളനട എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും വെച്ചൂച്ചിറയില്‍ ഹെപ്പറ്റൈറ്റിസ് ബി ഒരാള്‍ക്കും പിടിപെട്ടിട്ടുണ്ട്. കഴിഞ്ഞ മഴക്കാലത്തും ഈ മേഖലകളില്‍ മഞ്ഞപ്പിത്തരോഗം പടര്‍ന്നുപിടിച്ചിരുന്നു. അടൂര്‍, തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോന്നി താലൂക്കാശുപത്രികളിലും വവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പനി ചികിത്സതേടി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ ആശുപത്രികളിലും ആളുകള്‍ ചികിത്സതേടി എത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. മഴക്കാല രോഗങ്ങള്‍ തടയാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന പരാതി ഉയര്‍ന്നുകഴിഞ്ഞു. പലയിനം മാലിന്യങ്ങള്‍ കുന്നുകൂടി കൊതുകുകളും മറ്റും പെരുകുന്ന സാഹചര്യമാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും താളം തെറ്റിയ നിലയിലാണ്. ഒ.പി വിഭാഗത്തില്‍ ഒട്ടും സ്ഥലസൗകര്യം ഇല്ലാത്തത് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇടുങ്ങിയ വരാന്തയില്‍ രോഗികള്‍ കൂട്ടം കൂടി നിന്നാണ് ഡോക്ടറെ കാണുന്നത്. ഇതിനിടയില്‍ രോഗികള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്യാറുണ്ട്. ഡോക്ടര്‍മാര്‍ പരിശോധനക്കിരിക്കുന്ന മുറികളും തീരെ ഇടുങ്ങിയതാണ്. വാര്‍ഡുകളിലും രോഗികള്‍ നിറഞ്ഞിട്ടുണ്ട്. ആശുപത്രി ഫാര്‍മസിയില്‍ ഇല്ലാത്ത മരുന്നുകള്‍ പുറത്തുനിന്നും വാങ്ങാന്‍ എഴുതി കൊടുക്കുകയാണ്. എന്നാല്‍ ആശുപത്രി കോമ്പൗണ്ടിലെ മാവേലി മെഡിക്കല്‍ സ്റ്റോറില്‍ മിക്കപ്പോഴും മരുന്നുകള്‍ ലഭിക്കുന്നില്ലെന്നും രോഗികളുടെ പരാതിയുണ്ട്. രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ മാത്രമാണ് മാലിന്യ നീക്കം അടക്കം നടപടികളിലേക്ക് അധികൃതര്‍ക്ക് മുന്നിട്ടിറങ്ങുന്നത്. ആരോഗ്യവകുപ്പിന്‍െറയും വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളിലെ അനാസ്ഥ കാരണമാണ് ഗ്രാമപ്രദേശങ്ങളിലടക്കം മഴക്കാല രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നത്. അടൂര്‍: ചൊവ്വാഴ്ച 1500 ല്‍ അധികം പേര്‍ പനി ബാധിച്ച് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പേവാര്‍ഡിലും നിരവധി പേര്‍ ചികിത്സയിലാണ്. ദിനംപ്രതി ആയിരത്തിലധികം പേര്‍ പനി ബാധിച്ച് എത്തുന്നുണ്ട്. ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ ഏറ്റവുമധികം ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചതും മരണം സംഭവിച്ചതും അടൂരിനു സമീപം ഏനാദിമംഗലത്തും കടമ്പനാട്ടുമാണ്. ചൊവ്വാഴ്ച ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പനി ബാധിച്ച കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവരുടെ തിരക്ക് അനുഭവപ്പെട്ടു. കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മുന്നൂറോളം പേര്‍ ചികിത്സക്കെത്തി. ഏഴംകുളം, ഏറത്ത്, പള്ളിക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.